LogoLoginKerala

തീയണഞ്ഞ ഭാഗങ്ങളിൽ വീണ്ടും ആളിക്കത്താൻ സാധ്യതയെന്ന് യു എസ് വിദഗ്ധൻ

ബ്രഹ്മപുരത്ത് നിരന്തര ജാഗ്രതേ വേണം

 
Brahmapuram fire

ബ്രഹ്മപുരത്തെ പാസ്റ്റിക്ക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോർജ് ഹീലി. തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ.ഐ.ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.

തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളിൽ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തണം. മാലിന്യങ്ങൾ മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തിൽ കുതിർത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി.

തീ കെടുത്തിയ ഭാഗങ്ങളിൽ വീണ്ടും മാലിന്യം കൂന കൂട്ടരുത്. ഉൾഭാഗങ്ങളിൽ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളിൽ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം മുകളിൽ മണ്ണിന്റെ ആവരണം തീർക്കുന്നത് പ്രയോജനപ്രദമല്ല. അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മുഖാവരണം ധരിക്കണമെന്നും ജോർജ് ഹീലി നിർദേശിച്ചു.

തീ പൂർണമായും കെട്ടടങ്ങാതെ പുകയുന്ന ഭാഗങ്ങളിൽ അഗ്നിശമന പ്രവർത്തനം കേന്ദ്രീകരിക്കുന്നതോടൊപ്പം കെടുത്തിയ ഭാഗങ്ങളിൽ മുൻകരുതൽ തുടരണം. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്‌നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുറമേക്ക് ദൃശ്യമല്ലാത്ത കനലുകൾ കണ്ടെത്തുന്നതിനായി തെർമൽ (ഇൻഫ്രാറെഡ്) ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാം. തീ കെടുത്തിയ ഭാഗങ്ങൾ ആഴത്തിൽ കുഴിച്ച് കനലുകളും പുകയും ഇല്ലെന്ന് ഉറപ്പു വരുത്തണം. ബ്രഹ്മപുരത്തും പരിസര പ്രദേശത്തും വായു, വെള്ളം നിലവാരം നിരന്തരമായി നിരീക്ഷിക്കണമെന്നും യോഗം വിലയിരുത്തി

റീജിയണൽ ഫയർ ഓഫീസർ ജെ.എസ് സുജിത് കുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു