LogoLoginKerala

ബ്രഹ്മപുരത്ത് അട്ടിമറിയില്ലെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

 
brahmapuram

കൊച്ചി-ബ്രഹ്മപുരം തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് വ്യക്തമാക്കുന്ന പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. ബ്രഹ്മപുരത്ത് ആരും തീവെച്ചതായി തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാസ വിഘടന പ്രക്രിയയാകാം തീപിടുത്തത്തിന് കാരണം. ബ്രഹ്മപുരത്ത് തീ കെടുത്താനുള്ള സംവിധാനങ്ങളില്ലാതിരുന്നതാണ് സങ്കീര്‍ണ സാഹചര്യത്തിന് കാരണമായത്. തീപിടുത്തമുണ്ടായത് വൈകീട്ട് 3.58 നാണ്. സി സി ടി വി യില്‍ ഒരു ഭാഗത്ത് മൂന്ന് മിനിട്ട് കൊണ്ട് തീ പിടിക്കുന്നത് വ്യക്തമാണ്. പല ഭാഗങ്ങളിലും തീ പിടിച്ചെന്ന ആരോപണവും തെറ്റെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍  ഡി.ജി.പി. അനില്‍കാന്ത് വഴിയാണ് ചീഫ് സെക്രട്ടറിക്ക് തിങ്കളാഴ്ച ഇ-മെയിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബ്രഹ്മപുരത്ത് ആരെങ്കിലും മനപ്പൂര്‍വം തീവെച്ചതായുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍, അട്ടിമറി സാധ്യത പോലീസ് തള്ളിക്കളയുന്നുമില്ല.
ആദ്യം തീപ്പിടിത്തമുണ്ടായ സെക്ടര്‍ ഒന്നില്‍ ആകെ ഒരു സി.സി.ടി.വി. ക്യാമറ മാത്രമാണുള്ളത്. ഇതില്‍ തീ പിടിത്തം തുടങ്ങിയ ഭാഗത്തിന്റെ ദൃശ്യം കിട്ടിയിരുന്നില്ല. തീപ്പിടിത്തം നടന്ന സ്ഥലത്തിന്റെ ഉയര്‍ന്ന ദൃശ്യമികവുള്ള ഉപഗ്രഹ ചിത്രങ്ങളും കത്തിയ മാലിന്യത്തിന്റെ സാംപിളിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ടും ലഭിക്കാന്‍ സമയമെടുക്കും.
തൃക്കാക്കര എ.സി.പി. പി.വി. ബേബിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. പ്ലാന്റിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍, സംഭവ ദിവസം ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴി, ബ്രഹ്മപുരത്തും പരിസരത്തുമുണ്ടായിരുന്നവരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. അമ്പതിലധികം പേരുടെ മൊഴിയും രേഖപ്പെടുത്തി.