LogoLoginKerala

ബോംബെ ജയശ്രീ ഗുരുതര നിലയില്‍

 
bombay jayasree

ലണ്ടന്‍: പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞ ബോംബെ ജയശ്രീ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതര നിലയില്‍. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന്
കോമ സ്‌റ്റേജിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 
ഇന്നു വൈകിട്ട് ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ യോക്കോ ലെനന്‍ സെന്ററില്‍ നടക്കുന്ന സംഗീതപരിപാടിക്കായാണ് ജയശ്രീ ബ്രിട്ടനിലെത്തിയത്. പെട്ടെന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബോംബെ ജയശ്രീയെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഗായികയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ശസ്ത്രക്രിയിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂവെന്നും ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍ അല്ലെന്നുമാണു റിപ്പോര്‍ട്ടുകള്‍.
ജയശ്രീ രാമനാഥന്‍ എന്ന ബോംബെ ജയശ്രീ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ നിരവധി സിനിമകളിലാണു പാടിയിട്ടുള്ളത്. 2021ലെ പദ്മശ്രീ അവാര്‍ഡ് ജേതാവുകൂടിയായ ജയശ്രീയെ കഴിഞ്ഞ ഞായറാഴ്ചയാണ് ഈ വര്‍ഷത്തെ സംഗീത കലാനിധി അവാര്‍ഡിനായി മദ്രാസ് മ്യൂസിക് അക്കാദമി ശുപാര്‍ശ ചെയ്തത്. മിന്നലെ എന്ന ചിത്രത്തിലെ 'വസീഗര..' ഗജിനിയിലെ 'സുട്ടും വിഴിച്ചുടെരെ...' ,വേട്ടയാടു വിളയാടിലെ 'പാര്‍ത്ത മുതല്‍ നാളീ...' തുടങ്ങിയ ഗാനങ്ങള്‍ അവയില്‍ ചിലത് മാത്രം. മലയാളത്തിലെ ഒരേ കടല്‍ എന്ന ചിത്രത്തിലെ 'പ്രണയ സന്ധ്യാ ഒരു..' എന്ന ഗാനവും ഹിന്ദിയിലെ 'രെഹ്‌നാഹെ തെരെ ദില്‍ മേം' എന്ന ചിത്രത്തിലെ 'സരാ സരാ..' എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനവും ബോംബെ ജയശ്രീ ആലപിച്ചതാണ്.