ഫയര്‍ഫോഴ്‌സ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയെന്ന് ബി സന്ധ്യ

തിരുവനന്തപുരം- അഗ്‌നിരക്ഷാ സേനയുടെ നിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കാന്‍ തയ്യാറാകാത്തത് വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് സേനാ മേധാവി ബി. സന്ധ്യ. കമ്പോളങ്ങളിലും ബഹുനില മന്ദിരങ്ങളിലും കൃത്യമായ ഫയര്‍ ഓഡിറ്റുകള്‍ നടത്തി വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വലിയ വീഴ്ചയാണ് കണ്ടുവരുന്നത്. ഇത്തരം വീഴ്ചകള്‍ നമ്മുടെ നാട്ടില്‍ വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാം. അഗ്‌നിരക്ഷാ സേനയ്ക്ക് വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കാനേ സാധിക്കു. അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതും നടപടിയെടുക്കേണ്ടതും ബന്ധപ്പെട്ടവരാണെന്ന് അവര്‍ പറഞ്ഞു. ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി അഗ്‌നിരക്ഷാ സേന നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബി സന്ധ്യ.
പുതുതായി സ്ഥാപിക്കുന്നതും പഴയതുമായ കെട്ടിടങ്ങളില്‍ ഫയര്‍സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ഫ്ളാറ്റുകളില്‍ കൃത്യമായ ഫയര്‍ സിസ്റ്റമുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് പലപ്പോഴും സ്ഥാപിച്ചതിന് ശേഷം എന്‍.ഒ.സി പുതുക്കാന്‍ ആളുകള്‍ ശ്രദ്ധിക്കാറില്ല. സിസ്റ്റത്തിനുണ്ടാകുന്ന കേടുപാടുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ ജനങ്ങള്‍ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും ബി. സന്ധ്യ ചൂണ്ടിക്കാട്ടി. പൗരബോധമുള്ള ഓരോ മലയാളിയും ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ അഗ്നിബാധയുണ്ടായപ്പോള്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശങ്ങള്‍ കോര്‍പറേഷന്‍ അധികൃതര്‍ കൃത്യമായി പാലിക്കാതിരുന്നത് അവര്‍ പരസ്യമായി ചൂണ്ടിക്കാട്ടിയിരുന്നു.