LogoLoginKerala

മണിപ്പൂരിലെ സംഭവങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 
Arif Muhammed Khan

മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വേദനയും രോഷവും പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഏജന്‍സികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും, കുറ്റവാളികളെ പിടികൂടി കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എങ്ങനെയാണ് ആളുകള്‍ക്ക് സ്ത്രീകളോട് ഇങ്ങനെ മനുഷ്യത്വരഹിതവും ക്രൂരമായി പെരുമാറാന്‍ കഴിയുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. കൊടുംക്രൂരതയാണ് നടന്നത്.  അങ്ങനെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ആത്മവിശ്വാസം ഉറപ്പു വരുത്തണം. സ്ത്രീകളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഗവര്‍ണര്‍ പറയുന്നു.

മണിപ്പൂരില്‍ കുക്കി വിഭാഗത്തിലെ രണ്ട് സ്ത്രീകളെ പൂര്‍ണ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത ആളാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. രാജ്യത്തയാകമാനം നടുക്കിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.