മേഘമലയില്‍ നിന്നു മടങ്ങാതെ അരിക്കൊമ്പന്‍

ഇടുക്കി- ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന്‍ മേഘമലയില്‍ നിന്ന് തിരിച്ചുവരാന്‍ മടിക്കുന്നു. അരിക്കൊമ്പന്‍ ഇപ്പോഴും മേഘമലയില്‍ തന്നെയാണെന്നാണ് ജി പി എസ് കോളറില്‍ നിന്നുള്ള ഏറ്റവും പുതിയ സിഗ്നലുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ മേഘമലയില്‍ നിന്നും പെരിയാര്‍ വനം ലക്ഷ്യമാക്കി നീങ്ങുന്നതായി സൂചനയുണ്ടായിരുന്നു. കേരള അതിര്‍ത്തിയുടെ അഞ്ച് കിലോമീറ്റര്‍ അടുത്തുവരെ എത്തിയെങ്കിലും പിന്നീട് തിരിച്ചു പോയി.
എന്നാല്‍ മേഘമലയില്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നുവരാതെ കാട്ടിനുള്ളില്‍ തന്നെയാണ് ആന വിഹരിക്കുന്നത്. അതിനാല്‍ പെരിയാര്‍ കടുവ സാങ്കേതത്തിലേക്ക് തല്‍ക്കാലം തുരത്തേണ്ടെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്റെ തീരുമാനം. എന്നാല്‍ മേഘമാലയിലേക്ക് സഞ്ചരികള്‍ക്കുള്ള നിയന്ത്രണം തുടരും. കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാന്‍ വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. 40 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.