LogoLoginKerala

അരിക്കൊമ്പന്‍ കേസ് ചീഫ് ജസ്റ്റിസ് കേള്‍ക്കണം, ഹൈക്കോടതിയിലേക്ക് പ്രതിഷേധമാര്‍ച്ച്

 
protest

കൊച്ചി- അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മറ്റാനുള്ള ഹൈക്കോടതി ഉത്തരവ് വരുന്നതിന് തൊട്ടുമുമ്പ് അരിക്കൊമ്പന്‍ വിഷയത്തില്‍ കോടതി സ്വീകരിച്ചിരിക്കുന്ന നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് മുന്നിലേക്ക് വന്‍ ബഹുജന മാര്‍ച്ച് നടന്നു. കേരളത്തിലെ 62 ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.  നായയുടെ വേദനയില്‍ സങ്കടം തോന്നി സ്വയം കേസെടുത്ത ജഡ്ജിമാര്‍ ഏഴുപേരുടെ മരണത്തിന് കാരണക്കാരനായ ആനയാണ് അരിക്കൊമ്പന്‍ എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടും അതുപോലും പരിഗണിക്കാതെ അരിക്കൊമ്പനെ പിടികൂടാന്‍ പാടില്ലെന്ന് ഉത്തരവിട്ടത് അത്യന്തം വേദനാജനകമാണെന്ന് സമരസിമിതി നേതാവ് കെ വി ബിജു പറഞ്ഞു. നാലര വയസ്സുള്ള ആഗ്‌നീമിയയെയും മുത്തച്ഛനെയും ആന ചവിട്ടി കൊന്നപ്പോഴൊന്നും വേദന തോന്നാത്ത ജഡ്ജിമാര്‍ ഒരാനയെ സംരക്ഷിക്കാന്‍ ഇത്രമാത്രം താല്‍പര്യം കാണിക്കുന്നത് എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പനെ ഉടന്‍ പിടികൂടുക, അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഹൈക്കോടതി ചീഫ് ജസ്റ്റിസ് കേള്‍ക്കുക, വന്യമൃഗങ്ങളും ഫോറസ്റ്റുമായി ബന്ധപ്പെട്ട ഭാവിയിലെ എല്ലാ കേസുകളും ചീഫ് ജസ്റ്റിസ് നേരിട്ട് കൈകാര്യം ചെയ്യുക, കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഹൈക്കോടതിക്ക് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നേതാക്കള്‍ ഹൈക്കോടതിയില്‍ എത്തി ഇത് സംബന്ധിച്ച നിവേദനം നല്‍കി. 
യോഗത്തില്‍ വിഫാം ചെയര്‍മാന്‍ ജോയ് കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു. വന്യങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വക്കേറ്റ് ബിനോയ് തോമസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പള്ളില്‍ മുഖ്യാതിഥിയായിരുന്നു. വിവിധ സംഘടന നേതാക്കളായറസാഖ് ചുരവേലില്‍, വി.ബി രാജന്‍ കാസ്സ്, ജോര്‍ജ് സിറിയക്ക്, ജോബിള്‍ വടശ്ശേരി, എന്‍ വിനോദ് കുമാര്‍, ടി സി സുബ്രഹ്മണ്യന്‍, രഞ്ജിത്ത് തൃശൂര്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ,അപ്പച്ചന്‍ ഇരുവേലി, റോജര്‍ സെബാസ്റ്റ്യന്‍, ജെയിംസ് പന്ന്യാംമാക്കല്‍, ജോര്‍ജ് പി.പി, സിബി കൊല്ലംകൂടി, പി ഡി സേവ്യര്‍, ജോണ്‍സണ്‍ പി വി തുടങ്ങിയവര്‍ സംസാരിച്ചു. റെജി ഞള്ളാനി, വക്കച്ചന്‍ പാമ്പാടിയില്‍, ബാബു പുതുപ്പമ്പറമ്പില്‍, ജയിംസ് പൈനാടത്ത്, ബാബു കോഴിക്കോട് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.