LogoLoginKerala

അരവിന്ദാക്ഷന്റെ അറസ്റ്റ് ഇഡിയുടെ പ്രതികാരം; എം.വി.ഗോവിന്ദന്‍

 
mv govindan

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതിയധ്യക്ഷനും സിപിഎം നേതാവുമായ പി.ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് എം.വി ഗോവിന്ദന്‍.
മര്‍ദനത്തിനും ഭീഷണിക്കുമെതിരെ പൊലീസില്‍ പരാതിപ്പെട്ടതിന്‍റെ പ്രതികാരമാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സഹകരണമേഖലയെ തകര്‍ക്കുന്നതിനായുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ട് നടപ്പിലാക്കുകയാണ്.
അതിന് വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസില്ലെന്നും ശക്തമായ നടപടിയുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അറസ്റ്റ് പാര്‍ട്ടിയെ വേട്ടയാടുന്നതിന്റെ ഭാഗമായിട്ടാണെന്നും തന്റെ പേരടക്കം പറയാന്‍ അരവിന്ദാക്ഷനെ ഇഡി നിര്‍ബന്ധിച്ചുവെന്നും എം.കെ കണ്ണന്‍ പ്രതികരിച്ചു.

കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതിയധ്യക്ഷനും സിപിഎം നേതാവുമായ പി.ആര്‍. അരവിന്ദാക്ഷനെ ഉച്ചയ്ക്ക് ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
എ.സി മൊയ്തീന്റെ വിശ്വസ്തനായ അരവിന്ദാക്ഷന് കേസിലെ ഒന്നാംപ്രതി സതീഷ്കുമാറുമായി ഉറ്റബന്ധമാണ് ഉള്ളത്. കേസുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ ഇഡി ഏഴുദിവസം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇഡി മര്‍ദിച്ചതായും അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു.
കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെ ഇഡി അറസ്റ്റ്ചെയ്തത് ഇതാദ്യമാണ്. വിവാദമായ മൂന്ന് കോടിയുടെ ഇടപാട് അരവിന്ദാക്ഷന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരെ ഇഡി രാവിലെ ചോദ്യം ചെയ്തിരുന്നു. ബാങ്ക് സെക്രട്ടറി എന്‍.ബി ബിനുവും മുന്‍ അക്കൗണ്ടന്‍റ് ജില്‍സുമടക്കമുള്ളവരെയാണ് ചോദ്യം ചെയ്തത്. ഇതിന് പുറമെ തട്ടിപ്പുകേസിലെ മുഖ്യപ്രതി സതീഷ്കുമാറിന്റെ ഭാര്യയെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു.