ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് അപ്പയുടെ ആഗ്രഹം; ചാണ്ടി ഉമ്മന്‍

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം സര്‍ക്കാരിനെ അറിയിച്ചു. ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്നത് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹമായിരുന്നു.മരണത്തിലും സാധാരണക്കാരനായി മതിയെന്ന് അപ്പയുടെ ആഗ്രഹമാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറയുന്നു. അതുകൊണ്ടാണ് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് വച്ചതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയോടുള്ള ജനങ്ങളോടുള്ള സ്‌നേഹം കാണുമ്പോള്‍ തങ്ങളുടെ ദുഃഖത്തിന് അല്‍പം ആശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ നല്‍കുന്ന ഈ യാത്രാമൊഴിയാണ് അപ്പയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് ഇളയ മകള്‍ അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്നത് ഉമ്മന്‍ ചാണ്ടി വിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് പൊതുഭരണ വകുപ്പ് കുടുംബാഗങ്ങളോട് ചോദിച്ചിരുന്നു. ഉണ്ടെങ്കില്‍ അത് സാക്ഷ്യപ്പെടുത്തി നല്‍കാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.
പ്രിയ നേതാവിന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി ജനസാഗരം.സാധാരണക്കാരനായി ജീവിച്ച് മരിച്ച ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനം ജനഹൃദയങ്ങലാണെന്ന് വ്യക്തമായ ചിത്രം ഈ വിലാപ യാത്രയിലൂടെ വ്യക്തമാണ്. മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മൂന്ന് ദിവസം ദുഃഖാചരണം നടത്തും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഈ ദിവസങ്ങളില്‍ ദേശീയപതാക താഴ്ത്തി കെട്ടിയിട്ടുണ്ട്.