LogoLoginKerala

അനുയാത്ര ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി സെന്റര്‍ തുറന്നുകൊടുത്ത് ഡോ.ആര്‍ ബിന്ദു

 
R BINDHU

ഭിന്നശേഷി സൗഹൃദ കേരളത്തിനായ് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായി അനുയാത്ര ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി സെന്റര്‍ തുറന്നുകൊടുത്തു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ കഴിഞ്ഞ കുട്ടികള്‍ക്ക് തുടര്‍ന്നുള്ള കേള്‍വി-സംസാര -ഭാഷാ പരിശീലനം നല്‍കാനാണ് ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി സെന്റര്‍. നിലവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലും (നിപ്മര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിലും (നിഷ്) ഉള്ള ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി സേവനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുവന്നത്.

ശ്രവണപരിമിതികളുള്ള കുട്ടികള്‍ക്ക് ശ്രവണ ഉപകരണങ്ങളിലൂടെയും ഓഡിയോ വെര്‍ബല്‍ തെറാപ്പിയിലൂടെയും ശ്രവണശക്തി വീണ്ടെടുക്കാനുള്ള ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ ആറു മാസം മുതല്‍ പതിനെട്ടു മാസം വരെ വേണം. കുഞ്ഞിന് മൂന്നര വയസ് പ്രായമാകുന്നതുവരെ നിര്‍ബന്ധമായും പോസ്റ്റ് ഹാബിലിറ്റേഷന്‍ തെറാപ്പി ലഭിക്കണം. അനുബന്ധമായ ഇടപെടലുകള്‍ നടത്തി കുഞ്ഞുങ്ങളിലെ കേള്‍വി വൈകല്യം പരിഹരിക്കാന്‍ ഇത്തരം പരിശീലനം അനിവാര്യമാണ്. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചുളള പോസ്റ്റ് ഹാബിലിറ്റേഷന്‍ തെറാപ്പി പരിശീലനം, ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി സെന്ററിലൂടെ ലഭ്യമാകും. കുഞ്ഞിന് ശ്രവണ-സംസാര-ഭാഷാ ശേഷി കൈവരിക്കുന്നതിനായി രക്ഷിതാക്കള്‍ നടത്തേണ്ട ഇടപെടലുകള്‍ സംബന്ധിച്ചു പരിശീലനം നല്‍കാന്‍ കൂടിയാണ് സെന്റര്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി. ഡിപ്പാര്‍ട്‌മെന്റിന്റെയും കേരള സാമൂഹ്യ സുരക്ഷാമിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് തെറാപ്പി സെന്റര്‍ പ്രവര്‍ത്തനം.
ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സാമൂഹ്യസുരക്ഷാ മിഷന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയാര്‍  ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികളുടെയും  അവരുടെ രക്ഷിതാക്കളുടേയും സംഗമവും അനുഭവം പങ്കിടലും  പ്രതിഭകളെ ആദരിക്കലും നടന്നു. ചടങ്ങില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ എ.ഷിബു ഐ.എ.എസ് സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കലാ കേശവന്‍ നന്ദി പറഞ്ഞു.