ആംബുലന്‍സ് വൈകിയെന്ന ആരോപണം; അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

പണം മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കടുത്ത പനിയെ തുടര്‍ന്ന് ചൊവ്വ രാവിലെയാണ് അസ്മയെ താലൂക്കാശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം അസ്മ മരിച്ചു. സാമ്പത്തികകാര്യങ്ങളില്‍ നിര്‍ബന്ധം കാണിച്ച് കൊണ്ടുപോകാന്‍ താമസിച്ചതാണ് മരണകാരണമായതെന്ന് ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയതോടൊണ് സംഭവം പുറത്തെറിഞ്ഞത്.
രോഗം കൂടുതലായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കി. രോഗിയെ ആശുപത്രിയുടെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും വാഹനവാടകയായ 900 രൂപ തന്നാല്‍ മാത്രമേ കൊണ്ടുപോകൂ എന്ന് ഡ്രൈവര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഈ സമയം കൂടെയുള്ളവരുടെ കൈയില്‍ ഇത്രയും പണം ഉണ്ടായിരുന്നില്ല. രോഗിയെ എത്തിച്ചശേഷം നല്‍കാമെന്നു പറഞ്ഞെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ല. അരമണിക്കൂറിനുശേഷം നീണ്ടൂരുള്ള വീട്ടിലെത്തി പണമെടുത്ത് ഡ്രൈവര്‍ക്ക് നല്‍കി. എന്നിട്ടാണ് രോഗിയെയുംകൊണ്ട് ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ ഡ്രൈവര്‍ തയ്യാറായത്. മുന്‍കൂര്‍ പണം വാങ്ങാന്‍ നിയമം അനുവദിക്കാത്തപ്പോഴാണ് ഡ്രൈവറുടെ പിടിവാശി കാരണം ഒരു ജീവന്‍ പൊലിഞ്ഞത്.