LogoLoginKerala

അജിത തങ്കപ്പന്‍ ഒടുവില്‍ രാജിവെച്ചു, ആയുസ്സ് നീട്ടി യു ഡി എഫ്

 
ajitha thankappan

കൊച്ചി- എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടിട്ടും രാജി സമര്‍പ്പിക്കാന്‍ വിസമ്മതിച്ച തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ ഒടുവില്‍ രാജിവെച്ചു. രാജിക്കത്ത് നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുനിസിപ്പല്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി കെ ഹരിദാസന് കൈമാറി. വനിതാ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂപ്പിന് നല്‍കണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പന്‍ സ്ഥാനമേറ്റെടുത്തത്.

ചെയര്‍പേഴ്‌സനായ അജിതക്കെതിരെയും വൈസ് ചെയര്‍മാന്‍ എ എ ഇബ്രാഹിംകുട്ടിക്കു (മുസ്ലിം ലീഗ്)മെതിരെയും കോണ്‍ഗ്രസ്സ് വിമതരുടെ പിന്തുണയോടെ എല്‍ ഡി എഫ് നല്‍കിയ അവിശ്വാസപ്രമേയം 15ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി. ഇതോടെ ചെയര്‍പേഴ്‌സനെതിരെയുള്ള അവിശ്വാസം അസാധുവാകും. പുതിയ ചെയര്‍പേഴ്‌സനെ തിരഞ്ഞെടുക്കാനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കും. മുസ്ലിം ലീഗിലെ ധാരണ പ്രകാരം വൈസ് ചെയര്‍മാന്‍ എ എ ഇബ്രാഹിം കുട്ടിയും അവിശ്വാസത്തിന് തലേദിവസം രാജി സമര്‍പ്പിക്കാനാണ് സാധ്യത.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരം രണ്ടര വര്‍ഷം ഐ ഗ്രൂപ്പുകാരിയായ അജിതയും തുടര്‍ന്നുള്ള രണ്ടര വര്‍ഷം എ ഗ്രൂപ്പുകാരിയായ രാധാമണി പിള്ളയും നഗരസഭാ ചെയര്‍പേഴ്സണാകുമെന്നായിരുന്നു തീരുമാനം. ജൂണ്‍ 27ന് അജിത കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ തയ്യാറായിരുന്നില്ല. രാധാമണി പിള്ള പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ആളാണെന്നും ചര്‍ച്ചക്ക് ശേഷമേ രാജിവെക്കൂ എന്നുമായിരുന്നു അജിതയുടെയും അവരെ പിന്തുണക്കുന്നവരുടെയും നിലപാട്. ഇവര്‍ക്ക് പിന്തുണയുമായി എ ഗ്രൂപ്പിലെ തന്നെ മൂന്ന് കൗണ്‍സിലര്‍മാരും രംഗത്തെത്തിയത് എ ഗ്രൂപ്പ് നേതാക്കളെ വെട്ടിലാക്കി. ഒടുവില്‍ ഡി സി സി നേതൃത്വം രാജിക്ക് ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് നല്‍കിയതോടെയാണ് അജിത രാജിക്ക് വഴങ്ങിയത്.