LogoLoginKerala

അനന്ത്നാഗിന് പിന്നാലെ ഉറിയിലും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാസേന

 
mili

ജമ്മു കശ്മീരില്‍ അനന്ത്നാഗിന് പിന്നാലെ ബാരാമുള്ളയിലെ ഉറിയിലും ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗിലെ കൊകോരെനാഗ് ഗാരോള്‍ വനത്തിലെ ഏറ്റുമുട്ടല്‍ നാലാംദിവസവും തുടരുകയാണ്. റജൗരിക്കും അനന്ത്‌നാഗിനും പിന്നാലെയാണ് ഉറിയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടലുണ്ടായത്. 

നുഴഞ്ഞുകയറിയെത്തിയ ഭീകരരെ സുരക്ഷാസേന വധിച്ചു. ഇവർ ലഷ്കർ ഭീകരരാണ് സംശയം. മൂന്നാമത്തെ ഭീകരന്റെ മൃതദേഹം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് സൈനിക പോസ്റ്റുകളിൽനിന്ന് വെടിവയ്പ്പുണ്ടായതായാണ് വിവരം. രണ്ട് എകെ സീരീസ് തോക്ക്, ഒരു പിസ്റ്റൾ, ഏഴ് ഗ്രനേഡുകൾ, ഒരു ഐഇഡി എന്നിവ ഭീകരരിൽ നിന്ന് സേന പിടിച്ചെടുത്തു. ഇതിനിടെ അനന്ത്നാഗിലെ കൊകോരെനാഗ് ഗാരോള്‍ വനത്തിലെ ഏറ്റുമുട്ടല്‍ നാലാംദിനവും തുടരുകയാണ്. 

ഏറ്റുമുട്ടലിൽ മുന്ന് സൈനികർ ഉൾപ്പെടെ 4 പേർ വീരമൃത്യു വരിച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ച് ഈ മേഖലയിൽ സൈന്യം തിരച്ചിൽ തുടരുകയാണ്. ഇസ്രയേല്‍ നിര്‍മിത ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനയിൽ ഗുഹയിൽ ഒളിച്ചിരിക്കുന്ന ഭീകരരുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ സേനയ്ക്ക് സാധിക്കുന്നുണ്ട്. ലഷ്കര്‍ ഭീകരന്‍ ഉസൈര്‍ ഖാനടക്കം രണ്ട് ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് വിവരം. ആര്‍പിജി ഉൾപ്പെടെയുള്ള തീവ്രതയേറിയ ആയുധങ്ങള്‍ സേന ഭീകരര്‍ക്കെതിരെ പ്രയോഗിക്കുന്നുമുണ്ട്.