ലൗജിഹാദ് ആരോപണം: 11 ലക്ഷം രൂപ വാഗ്ദാനവുമായി ഷുക്കൂര്‍ വക്കീല്‍
കാസര്‍കോട്- കേരളത്തില്‍നിന്ന് മതം മാറി ഐ.എസില്‍ ചേര്‍ന്ന 32 വനിതകളെ കുറിച്ച് തെളിവ് നല്‍കിയാല്‍ 11 ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനവുമായി നടനും അഡ്വക്കറ്റുമായ ഷൂക്കൂര്‍. പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ പൂര്‍ണാവകാശം ലഭിക്കുന്നതിനായി ഈയിടെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായി വാര്‍ത്തകളില്‍ ഇടം പിടിച്ച കാസര്‍കോട് സ്വദേശിയായ ഷുക്കൂര്‍ വക്കീല്‍ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് വെല്ലുവിളി നടത്തിയത്.
വിദ്വേഷം വിളമ്പുന്ന ദി കേരള സ്റ്റോറിയെന്ന സിനിമക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഷുക്കൂര്‍ വക്കീലും പണം വാഗ്ദാനം ചെയ്ത് രംഗത്തുവന്നത്. ഷുക്കൂര്‍ വക്കീലിന്റെ വാക്കുകള്‍ ഇങ്ങനെ:
കേരള സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്ന പോലെ, കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഞാന്‍ 11 ലക്ഷം രൂപ ഓഫര്‍ ചെയ്യുന്നു. 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെയെങ്കിലും വിവരങ്ങള്‍ തന്നാല്‍ മതി. പാലക്കാട് സ്വദേശികളായ ബെക്‌സന്‍ വിന്‍സെന്റ് , ബെസ്റ്റെന്‍ വിന്‍സെന്റ് എന്നീ സഹോദരങ്ങള്‍ വിവാഹം ചെയ്ത മെറിന്‍ , സോണിയ സെബാസ്റ്റിയന്‍, നിമിഷ എന്നിവരാണ് ഇതുവരെ മുസ്ലിം സമുദായത്തില്‍ നിന്നല്ലാതെ ഐസിസില്‍ ചേര്‍ന്നതായി വര്‍ത്തയുള്ളത്. ഹൈക്കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദ് കേസിനെ കുറിച്ച് ഒരു തെളിവുമില്ലാതെ ഒരു സമുദായത്തെയും ഒരു സംസ്ഥാനത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എല്ലാവരും അവസാനിപ്പിക്കണം-അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.