LogoLoginKerala

മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കിയ ജനകീയ നേതാവ്; വി എം സുധീരന്‍

 
V M sudheeran VS oommen Chandy

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ വികാരധീനനായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ പൂര്‍ണ്ണ രൂപം.........

അമ്പത്തിമൂന്നു വര്‍ഷം എം.എല്‍.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മന്‍ ചാണ്ടി സാര്‍ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്‌നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകന്‍.

രാഷ്ട്രീയപ്രവത്തകരുടെയിടയില്‍ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയപ്രതിയോഗികളോടുപോലും പ്രതികാരചിന്ത ഒരിക്കലും അദ്ദേഹം പുലര്‍ത്തിയിരുന്നില്ല.പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് അതീവ ദുഃഖകരമാണ്. താങ്ങാനാവാത്ത വേദനയാണ്.കഴിഞ്ഞദിവസം ബാംഗ്ലൂരില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോഴും അസുഖത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചുവരും എന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങള്‍ സ്നേഹിക്കുകയും ചെയ്ത അതുല്യനായ ജനനായകനാണ് ഉമ്മന്‍ചാണ്ടി.

അദ്ദേഹവുമായി സംവത്സരങ്ങളുടെ ഹൃദയബന്ധമാണ് എനിക്കുള്ളത്. 1964 ആഗസ്റ്റ് 2 ന് എറണാകുളത്ത് ചേര്‍ന്ന കെ.എസ്.യു സംസ്ഥാന കമ്മിറ്റിയില്‍ വെച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അന്നാണ് വയലാര്‍ രവി കെ.എസ്.യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് എ.കെ.ആന്റണി പ്രസിഡന്റാകുന്നത്. ഉമ്മന്‍ചാണ്ടിയായിരുന്നു ജനറല്‍ സെക്രട്ടറി. ഉമ്മന്‍ചാണ്ടിയുമായി അന്നുമുതലുള്ള ആ സ്നേഹബന്ധം എന്നെന്നും തുടര്‍ന്നു.

തൃശ്ശൂര്‍ ജില്ലയിലും കേരളത്തില്‍ ഉടനീളവും കെ.എസ്.യു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തോടൊപ്പം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹൃദ്യമായ അനുഭവമായി ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. അന്നും കഠിനാധ്വാനിയായിരുന്നു ഉമ്മന്‍ചാണ്ടി. ഏറ്റെടുക്കുന്ന പരിപാടികള്‍ വന്‍ വിജയമാക്കുന്നതിന് അര്‍പ്പണബോധത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു.വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പുതിയ മുഖം നല്‍കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവന വളരെ വിലപ്പെട്ടതാണ്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തപ്പോഴും ക്രിയാത്മകമായ പാതയിലൂടെ വിദ്യാര്‍ഥികളെ നയിച്ചു. അന്നത്തെ കൃഷിവകുപ്പ് മന്ത്രി എം.എന്‍.ഗോവിന്ദന്‍ നായരുടെ പിന്തുണയോടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കെ.എസ്.യു ആവിഷ്‌കരിച്ച 'ഓണത്തിന് ഒരു പറ നെല്ല്' എന്ന കര്‍മ്മപദ്ധതി ഇന്നും എല്ലാവരാലും പ്രകീര്‍ത്തിക്കപ്പെടുന്നു.

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായപ്പോഴും തന്റെ സംഘടനാപരമായ മികവ് അദ്ദേഹം പ്രകടിപ്പിച്ചു. 1970 എ.കെ.ആന്റണി, എ.സി.ഷണ്മുഖദാസ്, കോട്ടാറ ഗോപാലകൃഷ്ണന്‍, എന്‍.രാമകൃഷ്ണന്‍, കെ.രാജന്‍ മാസ്റ്റര്‍, കെ.രാഘവന്‍ മാസ്റ്റര്‍ എന്നിവരോടൊപ്പം ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തി. അന്നേവരെ നിയമസഭ സാമാജികരെക്കുറിച്ചുള്ള ഒരു ധാരണ തിരുത്തിക്കുറിച്ചത് ഉമ്മന്‍ചാണ്ടിയാണ്. നിയമസഭയ്ക്കകത്ത് മാത്രമല്ല നിയമസഭയ്ക്ക് പുറത്ത് ജനങ്ങളുമായി നിരന്തരം ബന്ധപ്പെടാനും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനും നിദാന്ത ജാഗ്രതയോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകയായി.

എം.എല്‍.എ ഹോസ്റ്റലിലെ ഉമ്മന്‍ചാണ്ടിയുടെ 38 ആം നമ്പര്‍ മുറിയില്‍ എന്നും ജനക്കൂട്ടമായിരുന്നു. രാവും പകലും വ്യത്യാസമില്ല. അര്‍ദ്ധരാത്രിയില്‍ മുറിയിലേക്ക് കടന്നുവരുന്ന ഉമ്മന്‍ചാണ്ടി ഒരു ഷീറ്റും എടുത്ത് മുറിയുടെ മൂലയില്‍ ചുരുണ്ട് കൂടുന്നത് പതിവായിരുന്നു.
മന്ത്രി ആയപ്പോഴും മുഖ്യമന്ത്രിയായപ്പോഴും സാധാരണ ജനങ്ങളുടെ ആശ്രയകേന്ദ്രമായി അദ്ദേഹം തുടര്‍ന്നും പ്രവര്‍ത്തിച്ചു. മികച്ച ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. ഏതു കാര്യവും പെട്ടെന്ന് ഗ്രഹിക്കുകയും പെട്ടെന്ന് തീരുമാനമെടുക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രകൃതം വേറിട്ടതായിരുന്നു. ഏത് ആള്‍ക്കൂട്ടത്തിനിടയിലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാനും തന്റെ മുന്നില്‍ വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. ജനപകാരപ്രദങ്ങളായ നിരവധി കര്‍മ്മ പദ്ധതികളാണ് മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളില്‍ അദ്ദേഹം മുന്നോട്ടു നീക്കിയത്. തികഞ്ഞ മനുഷ്യത്വമാണ് അദ്ദേഹത്തെ എന്നെന്നും മുന്നോട്ടു നയിച്ചത്. ഭരണം സാധാരണക്കാര്‍ക്ക് വേണ്ടിയാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. തികഞ്ഞ ലാളിത്യം പാലിച്ചുകൊണ്ട് വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാനും വിയോജിപ്പുള്ളവരുമായി ആശയവിനിമ നടത്താനും അദ്ദേഹം തയ്യാറായി. മാധ്യമങ്ങളുമായും ജനകളുമായും സംവദിക്കുമ്പോഴും പ്രകോപനപരമായ സാഹചര്യമുണ്ടായാലും അതെല്ലാം അക്ഷോഭ്യനായി അദ്ദേഹം കൈകാര്യം ചെയ്തു.

വയലാര്‍ രവി, .എകെ.ആന്റണി ഉമ്മന്‍ചാണ്ടി എന്നിവരാണ് എന്റെ നേതാക്കളെന്ന് ഞാനെന്നും പറയാറുണ്ട്. അവരുമായും നയപരമായ പല വിഷയങ്ങളിലും വിയോജിപ്പുകളുമുണ്ടായിട്ടുണ്ട്. പക്ഷേ അതിനൊക്കെയതീതമായി ഞങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തമായ കണ്ണികള്‍ എന്നെന്നും ഉണ്ടായിരുന്നു. 53 വര്‍ഷം തുടര്‍ച്ചയായി പുതുപ്പള്ളിയിലെ നിയമസഭാ സാമാജകനായി പ്രതിനിധീകരിക്കാന്‍ സാധിച്ചത് പാര്‍ലമെന്ററി ചരിത്രത്തിലെ സര്‍വകാല റെക്കോര്‍ഡാണ്. തെരഞ്ഞെടുത്ത ജനങ്ങളോടുള്ള കടമയും ഉത്തരവാദിത്വവും നിറവേറ്റുന്നതില്‍ സാധാരണമായ കഴിവാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഞായറാഴ്ച എന്നെന്നുണ്ടെങ്കില്‍ കൃത്യമായി അദ്ദേഹം പുതുപ്പള്ളിയിലെത്തി ജനങ്ങളുമായി ബന്ധപ്പെടുമായിരുന്നു. പുതുപ്പള്ളിയിലെ ജനങ്ങള്‍ ആ സ്നേഹം നെഞ്ചോട് ചേര്‍ത്തു. എല്ലാ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ വിജയിപ്പിച്ചു.

മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കി മാനുഷിക വികാരത്തോടെ ജനനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും നാടിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണമായി യത്നിക്കുകയും ചെയ്ത സാധാരണനായ ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. സമാനതകള്‍ ഇല്ലാത്ത കേരളം കണ്ട മികച്ച ഭരണാധികാരിയും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ അങ്ങേയറ്റം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്ത കര്‍മ്മനിരതയുടെ ഉജ്ജ്വലപ്രതീകവും മഹാ രാഷ്ട്രീയ പ്രതിഭയുമായ പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് സ്നേഹാഞ്ജലികള്‍ അര്‍പ്പിക്കുന്നു.