തിരുവനന്തപുരത്തു നിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന വിമാന സർവീസ് ആരംഭിച്ചു
ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം 7 ആകും.
Aug 31, 2023, 15:37 IST

തിരുവനന്തപുരം: മുംബൈയിലേക്ക് തിരുവനന്തപുരത്തു നിന്ന് ഒരു പ്രതിദിന വിമാന സർവീസ് കൂടി ആരംഭിക്കുന്നു. വിസ്താര എയർലൈൻസിന്റെ പുതിയ സർവീസ് സെപ്റ്റംബർ 2 മുതൽ തുടങ്ങും. ഈ സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ സർവീസ് ആണിത്. ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം 7 ആകും.
രാവിലെ 8.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം (യുകെ 558) 10.45ന് മുംബൈയിൽ എത്തും. തിരികെ രാത്രി 8.25ന് പുറപ്പെട്ട് (യുകെ 557) 11 മണിക്ക് തിരുവനന്തപുരത്ത് എത്തും. ശംഖുമുഖത്തെ ഡോമെസ്റ്റിക് ടെർമിനലിൽ നിന്നാണ് സർവീസ്.
രാജ്യത്തിനകത്തുള്ള നഗരങ്ങളിലേക്കും യൂറോപ്, യുഎസ്, ഗൾഫ് ഉൾപ്പെടെ വിദേശ നഗരങ്ങളിലേക്കും തിരിച്ചും കണക്റ്റിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.