LogoLoginKerala

ട്രംപിന്റെ ട്വിറ്റര്‍ അക്കൌണ്ട്; വോട്ടെടുപ്പുമായി മസ്‌ക്

 
Elon Musk
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 17 മണിക്കൂറിനടുത്ത് ബാക്കിയുള്ളപ്പോള്‍ 65 ലക്ഷത്തിലധികം പേര്‍ പോള്‍ ചെയ്തു കഴിഞ്ഞു. ഇതില്‍ 54.2 ശതമാനം പേരും ട്രംപിനെ അനുകൂലിച്ചപ്പോള്‍ 45.8 ശതമാനം പേര്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കേണ്ടതില്ലെന്ന നിലപാടില്‍ തുടരുന്നവരാണ്

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ഇലോന്‍ മസ്‌ക്. ഇതിന്റെ മുന്നോടിയായി മസ്‌ക് തന്റെ അക്കൗണ്ടില്‍ വോട്ടെടുപ്പ് സംഘടിപ്പിച്ചു. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വോട്ടെടുപ്പ്.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 17 മണിക്കൂറിനടുത്ത് ബാക്കിയുള്ളപ്പോള്‍ 65 ലക്ഷത്തിലധികം പേര്‍ പോള്‍ ചെയ്തു കഴിഞ്ഞു. ഇതില്‍ 54.2 ശതമാനം പേരും ട്രംപിനെ അനുകൂലിച്ചപ്പോള്‍ 45.8 ശതമാനം പേര്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കേണ്ടതില്ലെന്ന നിലപാടില്‍ തുടരുന്നവരാണ്.

അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകള്‍ നടത്തിയെന്നതിന്റെ പേരില്‍ 2021-ലാണ് ട്വിറ്ററിന്റെ പഴയ ഉടമകള്‍ ട്രംപിന്റെ അക്കൗണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. യു.എസ്. ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ ഉടമയായ മസ്‌ക് ഇത്തരമൊരു വോട്ടെടുപ്പ് സംഘടിപ്പിച്ചത് എന്നതാണ് ശ്രദ്ധേയം.

ഇതിനിടെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ കമ്പനിയില്‍ തുടങ്ങിയ പ്രതിസന്ധികള്‍ക്ക് അയവില്ലാതെ തുടരുകയാണ്. അടുത്ത കുറച്ചുദിവസത്തിനകം കമ്പനിയുടെ ഓഫീസുകള്‍ അടയ്ക്കുകയാണെന്ന സന്ദേശം ലഭിച്ചതോടെ 1200 ഓളം ജീവനക്കാര്‍ കൂട്ടത്തോടെ രാജിക്കത്ത് നല്‍കി. നഷ്ടം ചൂണ്ടിക്കാട്ടി 50 ശതമാനത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ടതിനുപിന്നാലെയാണിത്.