കത്ത് വിവാദം; അന്വേഷണ റിപ്പോര്‍ട്ട് ഡി ജി പിക്ക് ഉടന്‍ കൈമാറും
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഉടന്‍ കൈമാറും. മേയര്‍ ആര്യാ രാജേന്ദ്രന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന പരാതിയില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു. നഗരസഭാ ജീവനക്കാരെ ഭീഷണിപ്പെടുത്തി രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുപ്പിച്ചെന്ന് ബി ജെ പി. അതേ സമയം ഈ മാസം 19ന് നഗരസഭാ പ്രത്യേക കൗണ്‍സില്‍ യോഗം ചേരാനും തീരുമാനം. നഗരസഭയില്‍ ഇന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറും. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി ഡിജിപി തീരുമാനിക്കും. വിജിലന്‍സ് സംഘം കൂടുതല്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. അതിനിടെ മേയര്‍ ആര്യാ രാജേന്ദ്രനും നഗരസഭാ സെക്രട്ടറിക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു.
മേയര്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് കാണിച്ച് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോട് നല്‍കിയ പരാതിയിലാണ് നടപടി. നോട്ടീസിന് 20 നകം രേഖാമൂലം മറുപടി നല്‍കാനും ഡിസംബര്‍ 2 ന് ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ഹാജരാകാനുമാണ് നിര്‍ദേശം.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക കൗണ്‍സില്‍ ചേരണം എന്നുള്ള ആവശ്യം ബിജെപി കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് 19ന് പ്രത്യേക കൗണ്‍സില്‍ ചേരാനും തീരുമാനമായി.