LogoLoginKerala

36 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീട നേട്ടം; മികച്ച ഫുട്‌ബോള്‍ ടീം പരിശീലകനായി ലയണല്‍ സ്‌കലോണി

 
Lieonel Scaloni
2018ലെ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെ രാജിവെച്ച മുന്‍ പരിശീലകന്‍ സാംബോളിയുടെ പിന്‍ഗാമിയായി 2018 ഓഗസ്റ്റ് മൂന്നിനാണ് 40 വയസുകാരനായ സ്‌കലോണി പരിശീലക കുപ്പായമണിഞ്ഞത്

ഖത്തര്‍ ലോകകപ്പിലെ വിശ്വവിജയികളായ അര്‍ജെന്റീനയെ നയിച്ച ലയണല്‍ സ്‌കലോണിയെ മികച്ച പരിശീലകനായി തെരെഞ്ഞെടുത്ത് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്. ഐഎഫ്എഫ്എച്ച്എസ് നടത്തിയ സര്‍വ്വേയില്‍ 240 വോട്ടുകളാണ് സ്‌കലോണിക്ക് ലഭിച്ചത്. ഫ്രാന്‍സിന്റെ കോച്ച് ദിദിയര്‍ ദെഷാംപ്‌സിന് 45 വോട്ടുകളാണ് ലഭിച്ചത്. 44 വയസുള്ള ലയണല്‍ സ്‌കലോണി ഖത്തര്‍ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കോച്ചാണ്.

പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ തലയില്‍ വിരിഞ്ഞ തന്ത്രങ്ങളാണ് തോറ്റുതുടങ്ങിയ അര്‍ജെന്റീനക്കാര്‍ക്ക് സ്വപ്നക്കുതിപ്പില്‍ നിര്‍ണ്ണായകമായത്. 2018ലെ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെ രാജിവെച്ച മുന്‍ പരിശീലകന്‍ സാംബോളിയുടെ പിന്‍ഗാമിയായി 2018 ഓഗസ്റ്റ് മൂന്നിനാണ് 40 വയസുകാരനായ സ്‌കലോണി പരിശീലക കുപ്പായമണിഞ്ഞത്.

Lionel Scaloni

2019 വെനസ്വേലയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി. അതേ വര്‍ഷം നടന്ന കോപ്പ അമേരിക്ക ഒരു ദുരന്ത ഓര്‍മ്മയാണ്. ആദ്യ മത്സരത്തില്‍ തന്നെ തോറ്റു തുടങ്ങി. തട്ടി മുട്ടി സെമിയിലെത്തിയെങ്കിലും, സെമിയില്‍ ബ്രസീലിനോട് തോറ്റു മടക്കം. പീന്നീടങ്ങോട്ടുള്ള മത്സരങ്ങള്‍ ചരിത്രമാണ് 36 മത്സരങ്ങളിലെ അപരാജിത കുതിപ്പോടെയാണ് ഖത്തര്‍ ലോകകപ്പില്‍ പ്രവേശിച്ചത്. പക്ഷെ അവിടെയും തോറ്റു തുടങ്ങാനായിരുന്നു നീലപ്പടയുടെ വിധി. പക്ഷ പിന്നീടങ്ങോട്ട് നീലപ്പടയുടെ മാസ്മരിക പ്രകടനമായിരുന്നു ഫുട്ബോള്‍ ലോകം കണ്ടത്. 2006 ലെ അര്‍ജന്റീനയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സ്‌കലോണി, ആല്‍ബിസെലസ്റ്റുകളെ  മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 36 വര്‍ഷത്തിനിടെ അര്‍ജന്റീനയുടെ ആദ്യ കിരീടം കൂടിയാണിത്. ടീമിന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരാന്‍ കളിക്കളത്തില്‍ തന്ത്രങ്ങള്‍ മെനയുന്ന സ്‌കലോണി എന്നും കരുത്തായി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.