LogoLoginKerala

റോഡും പാലവും ഉണ്ടായിട്ടും വൈപ്പിൻ കരയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ശക്തമായ സമരം തുടരും; കെ മുരളീധരൻ

 
K muraleedharan
കൊച്ചി: റോഡും പാലവും ഉണ്ടായിട്ടും വൈപ്പിൻ കരയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതീരെ യുഡിഎഫ് ശക്തമായ സമരം തുടരുമെന്ന് കെ മുരളീധരൻ എം പി. വൈപ്പിൻ ബസുകളുടെ നഗര പ്രവേശം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം പി നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 എറണാകുളം നഗരത്തിൽ കൊച്ചി മെട്രോയടക്കം വിപുലമായ സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും വൈപ്പിൻ ബസുകളുടെ നഗര പ്രവേശം തടയുന്നത് ഒരു ജനതയോടുള്ള നീതി നിഷേധമാണ്. ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലേത് പോലെ ജനങ്ങളുടെ മൗലീക അവകാശങ്ങൾ നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
 ഇതൊരു വെജിറ്റേറിയൻ സമരം ആണെന്ന് കരുതി എന്നും വെജിറ്റേറിയൻ ആയിരിക്കില്ലെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
 എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് വിഷയത്തിൽ സമരം ആഹ്വാനം ചെയ്തത്. സമരത്തിന് വൈപ്പിൻ ജനതയുടെ മുഴുവൻ പിന്തുണയും ഉണ്ടെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. വൈപ്പിനിലെ റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹീക സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാം പിന്തുണയുമായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്‌ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം എൽ എമാരായ കെ ബാബു, ടി ജെ വിനോദ് , അൻവർ സാദത്ത്,കെ പി സി സി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ജെയ്‌സൺ ജോസഫ്,കോൺഗ്രസ് നേതാക്കളായ അജയ് തറയിൽ,എൻ വേണുഗോപാൽ, ജോസഫ് വാഴയ്ക്കൻ, എം ജെ ടോമി, മുനമ്പം സന്തോഷ്, ബ്ലോക്ക് പ്രസിഡന്റുമാരായ കെ ജി ഡോണോ മാസ്റ്റർ, വി എസ് സോളിരാജ്, മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പാൾ അരവിന്ദാക്ഷൻ മാഷ്, എഡ്രാക് പ്രസിഡന്റ് രംഗദാസ പ്രഭു, എഡ്രാക് ജില്ലാ സെക്രട്ടറി ടി ജി സുരേഷ്, സി സി കെ ജില്ലാ പ്രസിഡന്റ് പി സി പ്രകാശൻ, പള്ളിപ്പുറം പഞ്ചായത്ത് റസിഡന്റ് അപെക്സ് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ മാമ്പിള്ളി, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ബെന്നി പി നായരമ്പലം, ഞാറയ്ക്കൽ ശ്രീനി ഫെഡറേഷൻ ഓഫ് റസിഡന്റ്‌സ് അപെക്സ് കൗൺസിൽസ് ഇൻ ഗോശ്രീ ഐലൻഡ്‌സ് സെക്രട്ടറി അനിൽ പ്ലാവിയൻസ്, മുൻ എം പി പി സി തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.