LogoLoginKerala

സാബു ജേക്കബിനെതിരായ പരാതി അന്വേഷിക്കാൻ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

 
sabu
ഐക്കരനാട് പഞ്ചായത്തിൽ നടന്ന കർഷക ദിനാഘോഷ പരിപാടിക്കിടെ വേദിയിൽ വച്ച് അപമാനിച്ചുവെന്നാണ് പരാതി

കൊച്ചി : 20-20 കൺവീനറായ സാബു എം.ജേക്കബിനെതിരെ  പി വി ശ്രീനിജൻ എം.എൽ.എ നൽകിയ പരാതി ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കും . അന്വേഷണ സംഘത്തിൽ ആരൊക്കെയുണ്ടാവും എന്ന കാര്യത്തിൽ ഇന്ന് തീരുമാനമാവും. ശ്രീനിജൻ എം.എല്‍.എയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. പൊതുപരിപാടിക്കിടെ അപമാനിച്ചുവെന്ന പരാതിയിൽ പട്ടികജാതി- പട്ടിക വർഗ പീഡന നിരോധ നിയമപ്രകാരമാണ് സാബു എം. ജേക്കബിനെതിരെ കേസ് എടുത്തിട്ടുള്ളത്.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് മറ്റ് അ ഉൾപ്പെടെ അഞ്ച് പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസ് നിയമപരമായി നേരിടുമെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന്ന് ഐക്കരനാട് പഞ്ചായത്തിൽ നടന്ന കർഷക ദിനാഘോഷ പരിപാടിക്കിടെ വേദിയിൽ വച്ച് അപമാനിച്ചുവെന്നാണ് പരാതി. ഉദ്ഘാടകനായ എം.എൽ.എ എത്തിയതോടെ പഞ്ചായത്ത് പ്രസിഡൻ്റടക്കം നാലുപേർ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. സാബു എം. ജേക്കബിൻ്റെ നിർദേശപ്രകാരമായിരുന്നു ബഹിഷ്കരണമെന്ന് പരാതിയിൽ പറയുന്നു.

പി.വി ശ്രീനിജനും ട്വൻ്റി- 20 യുമായി നാളുകളായി തുറന്ന പോര് നടക്കുന്നുണ്ടെങ്കിലും എം.എൽ.എയുടെ പരാതിയിൽ സാബു എം ജേക്കബിനെതിരെ ഇതാദ്യമായാണ് കേസ് എടുക്കുന്നത്. പുത്തൻകുരിശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഡീന ദീപക് രണ്ടാം പ്രതിയാണ്.