LogoLoginKerala

പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി; പൊലീസുകാരനെതിരെ കേസ്

 
Kerala Polce
അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സി.ഐ വീട്ടിനുള്ളില്‍വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്

പോക്‌സോ കേസ് പ്രതിയായ 27-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി.  ആരോപണ വിധേയനായ പോലീസുകാരനെതിരേ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ മുന്‍ സി.ഐ ജയ്സനെതിരേയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സി.ഐ വീട്ടിനുള്ളില്‍വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. മറ്റൊരു കേസില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ് ജയസൻ.

കഴിഞ്ഞ ദിവസം പോക്‌സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിലാണ് പോലീസുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കാര്യം പ്രതി പറയുന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതി അയിരൂര്‍ സ്റ്റേഷനിലെത്തി പരാതിയും നല്‍കി. ഇതേതുടര്‍ന്നാണ് സ്റ്റേഷനിലെ തന്നെ മുന്‍ എസ്.എച്ച്.ഒ ജയസനിലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാസം 18ന് രാത്രി എട്ടരമുതല്‍ 19ന് രാവിലെ ഏഴരവരെയുള്ള സമയത്തിനിടയില്‍ വീട്ടില്‍വെച്ച് സി ഐ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് യുവാവിന്റെ പരാതി. പോക്‌സോ കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാനാണ് ജയസൻ അയാളുടെ വീട്ടിലെത്തിയത്. പീഡിപ്പിച്ച ശേഷം പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 50,000 രൂപ കൈക്കൂലി വാങ്ങിയതായും യുവാവിന്റെ പരാതിയില്‍ പറയുന്നു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജയസൻ നേരത്തെ മറ്റൊരു പോക്‌സോ കേസിലെ പ്രതിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ഈ പണം കൊടുക്കാത്തതിനാല്‍ പ്രതിക്കെതിരേ മറ്റൊരു കള്ളക്കേസ് കൂടി ചമച്ചതിനാണ് ജയസനിലിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനിടയിലാണ് ഇയാള്‍ക്കെതിരേ പീഡനക്കേസ് കൂടി വന്നത്.