LogoLoginKerala

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം, ഒമ്പത് ജില്ലകളില്‍ നാളെ അവധി

 
keralarain

കൊച്ചി- കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പാലക്കാട് ജില്ലയില്‍ 12 വീടുകള്‍  തകര്‍ന്നു. കോഴിക്കോട് ചാലിയത്ത് നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ട് കടലില്‍ കുടുങ്ങി. ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിനു മുന്‍പ് പോയ ബോട്ടാണ് കടലില്‍ അകപ്പെട്ടത്. ബോട്ടിലെ അഞ്ചുപേരും സുരക്ഷിതരാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. മലപ്പുറത്ത് മിന്നല്‍ ചുഴലിയടിച്ചു.  മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ്  മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി.
കോഴിക്കോട് ഒഴുക്കില്‍ പെട്ട് യുവാവിനെ കാണാതായി. ഏറാമല കൊമ്മിണേരി പാലത്തില്‍ നിന്ന് കനാലിലേക്ക് വീണ യുവാവിനെയാണ് കാണാതായത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ് മീന്‍ പിടിക്കുന്നതിനിടെ കനാലില്‍ വീണത്. പൊലീസും  അഗ്‌നിരക്ഷാസേനയും തിരച്ചില്‍ നടത്തുന്നു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, കാസര്‍കോഡ്, പാലക്കാട്, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന അംഗന്‍വാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടികള്‍, കയാക്കിംഗ് ബോട്ടുകള്‍ എന്നിവയുടെ സര്‍വ്വീസ് നിര്‍ത്തി വെക്കാനും ആലപ്പുഴ കളക്ടര്‍ ഉത്തരവിട്ടു. മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കും. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുന്‍നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.