LogoLoginKerala

3-2 ഭൂരിപക്ഷ വിധി; സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങള്‍ ഇങ്ങനെ

 
SupremeCourt Of India
ജഡ്ജിമാരില്‍ അഞ്ചില്‍ മൂന്ന് പേരും ഭേദഗതിയെ പിന്തുണച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് രേഖപ്പെടുത്തി

മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കി സുപ്രിംകോടതി. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചത്. ജഡ്ജിമാരില്‍ അഞ്ചില്‍ മൂന്ന് പേരും ഭേദഗതിയെ പിന്തുണച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് രേഖപ്പെടുത്തി.

രാജ്യത്ത് കാലാകാലങ്ങളായി നിലനില്‍ക്കുന്ന ജാതി സമ്പ്രദായ സംവരണം എന്ന സങ്കല്‍പ്പത്തിലേക്ക് നയിച്ചതെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി ചൂണ്ടിക്കാട്ടി.  പട്ടിക ജാതി, വര്‍ഗ വിഭാഗത്തിലുള്ള ആളുകള്‍ക്ക്  തുല്യമായ അവസരം സൃഷ്ടിക്കലായിരുന്നു അതിലൂടെ ലക്ഷ്യമിട്ടത്.

സ്വാതന്ത്യം ലഭിച്ചിട്ട് എഴുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഭരണഘടനാ തത്വങ്ങളിലെ പരിവര്‍ത്തനങ്ങള്‍ക്കനുസരിച്ച് സംവരണത്തില്‍ പുനപ്പരിശോധന നടത്തേണ്ടതുണ്ടെന്ന്, സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി. സംവരണം അനന്തമായി നീട്ടികൊണ്ടുപോകാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കൂടാതെ ജനങ്ങളുട ആവശ്യം അറിഞ്ഞാണ് നിയമനിര്‍മാതാക്കള്‍ ഇത്തരമൊരു നടപടി എടുത്തതെന്നും ജസ്റ്റിസ് ത്രിവേദി വിധി പ്രസ്താവിക്കവെ അറിയച്ചു.

അതേസമയം. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നേടി മുന്നിലെത്തിവരെ പിന്നോക്ക വിഭാഗത്തില്‍ നിന്നു മാറ്റേണ്ടതുണ്ട്. അതു വഴി സഹായം ആവശ്യമുള്ള ഒരാളെ കൈപിടിച്ചുയര്‍ത്താനാകുമെന്ന് ജസ്റ്റിസ് ജെബി പര്‍വാല വ്യക്തമാക്കി.  കൂടാതെ സംവരണം അനന്തരമായി നീട്ടി വെയ്ക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് പര്‍വാല പറഞ്ഞു.

കൂടാതെ മുന്നോക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്ന് ജസ്റ്റിസ് ദിനേസ് മഹേശ്വരി വ്യക്തമാക്കി.  നമ്മുടെ സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണ്  അത് ഊട്ടി ഉറപ്പിക്കുന്ന ഒരു ഉപകരണമാണ് സംവരണം. സമൂഹത്തില്‍ സാമ്പത്തികമായി താഴ്ന്നു നില്‍ക്കുന്നവരെ ചേര്‍ത്തു പിടിക്കമെന്നതാണ് അതിലൂടെ ലക്ഷ്യമിടുന്നതെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി.

മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജികളിലാണ് കോടതി വിധിപറഞ്ഞത്. തൊഴില്‍, വിദ്യാഭ്യാസ മേഖലകളിലാണ് പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി നടത്തിയത്. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍. ചീഫ് ജസ്റ്റിസിനും ജ. രവീന്ദ്ര ഭട്ടിനും പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി, ജെ.ബി പാര്‍ദിവാല എന്നിവരും ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നു. അഞ്ച് പേരുടെ മൂന്ന് പേരുടെ ഭൂരിപക്ഷത്തില്‍ മുന്നോക്ക സംവരണം ശരിവെച്ചു കൊണ്ടുള്ള വിധി പ്രസ്താവിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും മുന്നോക്ക സംവരണത്തിനായി കൊണ്ടു വന്ന ഭരണഘടനാ ഭേദഗതി റദ്ദാക്കി ഉത്തരവു പുറപ്പെടുവിച്ചു.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയായിരുന്നു 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി നടത്തിയത്. എന്നാല്‍, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പെടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ ആറര ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹരജികള്‍ വിധി പറയാന്‍ മാറ്റുകയായിരുന്നു.