തൊടുപുഴയില്‍ 11 പാറമട തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു, രണ്ടു പേരുടെ നില ഗുരുതരം
തൊടുപുഴ- തൊടുപുഴയില്‍ സ്വകാര്യ പാറമടയിലെ 11 തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. രണ്ടു പേരുടെ നിലഗുരുതരമാണ്. ആലക്കോട് കച്ചിറപ്പാറയിലെ ഫൈവ് സ്റ്റാര്‍ ഗ്രാനൈറ്റ്‌സ് എന്ന പാറമടയില്‍ ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റത്. ജോലിക്ക് ശേഷം സമീപത്തെ താത്കാലിക ഷെഡില്‍ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം.
പരിക്കേറ്റവര്‍ തൊടുപുഴയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായ രാജയും മഥനരാജും തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രകാശിന്റെ നെഞ്ചിലും മുതുകിലും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
പാറമടയില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരുന്ന തൊഴിലാളികള്‍ശക്തമായ മഴ പെയ്തതോടെയാണ് സമീപത്തെ താത്കാലിക ഷെഡില്‍ കയറിയിരുന്നത്. ഷെഡിനുള്ളില്‍ തറയിലും സ്റ്റൂളിലുമായി തൊഴിലാളികള്‍ ഇരിക്കുന്നതിനിടെയാണ് മിന്നലേറ്റത്. മിന്നലിന്റെ ആഘാതത്തില്‍ എല്ലാവും തെറിച്ചുവീണു. അപകടസമയം ഷെഡിലുണ്ടായിരുന്ന ലോറി ഡ്രൈവറായ ആലക്കോട് സ്വദേശി ജോബിന്‍ ജോസ് മാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.