24 C
Kochi
Monday, December 6, 2021

അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ പറഞ്ഞു, സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമ; മോഫിയ നേരിട്ടത് കൊടിയ പീഡനം

Must read

ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിരുന്നു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊച്ചി: ഗാര്‍ഹീക പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വ്വീണ്‍, ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നേരിട്ടത് കൊടിയ പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിരുന്നു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്ഥിരമായി ഭര്‍തൃമാതാവ് റുഖിയ മോഫിയയെ ഉപദ്രവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലതവണ ശരീരത്തില്‍ മുറിവേല്‍പിച്ചു. 40 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടിരുന്നതായുമാണ് റിപ്പോര്‍ട്ട്. അതേസമയം നേരത്തെ മോഫിയയുടെ സുഹൃത്തുക്കളും സുഹൈലിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയര്‍ത്തിയത്.

സുഹൈല്‍ മോഫിയയെ ടാറ്റു അടിക്കാനും,സ്റ്റഡ് അടിക്കാനും നിര്‍ബന്ധിച്ചിരുന്നെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. കൂടാതെ പള്ളി വഴി വിവാഹമോചനത്തിനു കത്തു നല്‍കിയെന്നും വേറെ കല്യാണം കഴിക്കുമെന്നു സുഹൈല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കാര്യങ്ങളിലുണ്ടായ മനോവിഷമമാണു മോഫിയയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം മോഫിയയുടെ മരണത്തെത്തുടര്‍ന്ന് പോലീസിന്റെ ഭാഗത്ത്‌നിന്നും വീഴ്ച സംഭവിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം സഹപാഠികള്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ ആലുവ പൊലീസ് വിട്ടയച്ചിരുന്നു. കസ്റ്റഡിയിലെടുത്ത മോഫിയ പര്‍വീണിന്റെ 17 സഹപാഠികളെ ഇന്നലെ തന്നെവിട്ടയച്ചിരുന്നു. ആലുവ റൂറല്‍ എസ്പിയെ കാണണമെന്ന് ആവശ്യപ്പെട്ട് എസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്നതിനെ തുടര്‍ന്നാണ് സഹപാഠികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ സി ഐ സുധീര്‍ കമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കാനാണ് വിദ്യാര്‍ത്ഥികള്‍ എസ് പി ഓഫീസില്‍ എത്തിയത്. പക്ഷേ പൊലീസ് ഇവരെ കടത്തിവിട്ടില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ എസ്പി ഓഫീസിന് മുന്നില്‍ കത്തിയിരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ നാല് വിദ്യാര്‍ത്ഥികള്‍ എസ്പിയെ കണ്ട് പരാതി നല്‍കി. പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്നും പുരുഷ പൊലീസ് വിദ്യാര്‍ത്ഥിനികളെ ബലം പ്രയോഗിച്ച് നീക്കിയെന്നുമാണ് സഹപാഠികള്‍ ആരോപിക്കുന്നത്.

അതേസമയം മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സര്‍ക്കാര്‍ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടി ഉണ്ടാകുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കി.അതേസമയം സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം.

നിയമ വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വ്വീണിന്റെ ആത്മഹത്യ കേസില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തുന്നത്. മൊഫിയ പര്‍വീണിന്റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം.

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. മൊഫിയ പര്‍വ്വീണ്‍ ആത്മഹത്യ ചെയ്ത സംഭവം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുക. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐ സിഎല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

More articles

Latest article