ഈ വര്‍ഷം മൂന്നാമതും വിലവര്‍ധിപ്പിക്കാനൊരുങ്ങി മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്

മാരുതി നിര്‍മിക്കുന്ന എല്ലാ മോഡലുകള്‍ക്കും വില വര്‍ധനവ് ബാധകമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇതില്‍ മാരുതി അള്‍ട്ടോ മുതല്‍ വിറ്റാര ബ്രെസ വരെ ഉള്‍പ്പെടും.

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് വീണ്ടും വിലവര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് വിലവര്‍ധിപ്പിക്കുന്നത്. പുതിയ വര്‍ദ്ധന സെപ്റ്റംബറില്‍ പ്രാബല്യത്തില്‍വരുമെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരുതി നിര്‍മിക്കുന്ന എല്ലാ മോഡലുകള്‍ക്കും വില വര്‍ധനവ് ബാധകമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇതില്‍ മാരുതി അള്‍ട്ടോ മുതല്‍ വിറ്റാര ബ്രെസ വരെ ഉള്‍പ്പെടും. ഈ വര്‍ഷം ജനുവരിയിലും ഏപ്രിലിലും മാരുതി മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.

അതേസമയം വില വര്‍ധനവ് എത്രയായിരിക്കുമെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയില്‍ നിര്‍മാണച്ചിലവിന്റെ വര്‍ധനവ് ചൂണ്ടിക്കാട്ടി കാറുകളുടെ വില കമ്പനി 34,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ഏപ്രിലില്‍, രണ്ടാമത്തെ വര്‍ധനവ് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ കാറുകളുടെ വില ഏകദേശം 1.6 ശതമാനം വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നിര്‍മാണച്ചിലവില്‍ വന്‍ വര്‍ധനയായതിനാല്‍ വാഹന നിര്‍മാണത്തെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അതിനാലാണ്, വില വര്‍ധനവ് ഏര്‍പ്പെടുത്തുന്നത്. ഇതിലൂടെ നഷ്ടം കുറക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.