24 C
Kochi
Tuesday, December 7, 2021

വറ്റാത്ത കാവ്യചൈതന്യം; ഒറ്റക്കമ്പി-മൈനാകം തുടങ്ങി മിക്ക ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളും; ബിച്ചു തിരുമല യാത്രയാകുമ്പോള്‍

Must read

പ്രത്യേക ലേഖകന്‍

മൈനാകം, രാകേന്ദു കിരണങ്ങള്‍, ഒറ്റക്കമ്പി നാദം മാത്രം പോലെ തുടങ്ങി മലയാളം എന്നുമോര്‍ക്കുന്ന എണ്ണമറ്റ ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലിക തുമ്പില്‍ നിന്നും പിറന്നു വീണത്; 1970-ല്‍ ‘ഭജഗോവിന്ദത്തിലെ ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ പല്ലവി പാടിയ നേരം…’ എന്ന പാട്ടാണ് ആദ്യത്തേത്; സിനിമ പുറത്ത് വന്നില്ലേങ്കിലും യേശുദാസ് പാടിയ ഈ പാട്ട് വലിയ ഹിറ്റായി മാറി. യേശുദാസിന്റെ തരംഗിണി തിരുവനന്തപുരത്ത് തുടങ്ങിയപ്പോള്‍ കസറ്റുകളിലെ മിക്ക പാട്ടുകളും ബിച്ചു തിരുമലയുടേത് ആയിരുന്നു; 1984-ല്‍ ‘തരംഗിണി’ പുറത്തിറക്കിയ ‘വസന്തഗീതങ്ങള്‍’ എന്ന ആല്‍ബത്തിലെ ‘മാമാങ്കം പലകുറി കൊണ്ടാടി…’ എന്ന ലളിതഗാനത്തിന്റെ പോലും ജനപ്രിയത ഇപ്പോഴും മങ്ങിയിട്ടില്ലെന്നു ബിച്ചു തിരുമലയുടെ സര്‍ഗശേഷിയുടെ തെളിവായി മാറുന്നു

തിരുവനന്തപുരം: തന്റെ ചലച്ചിത്ര രചനയുടെ അമ്പതാണ്ട്‌ പിന്നിട്ട ശേഷമാണ് പാട്ടിന്റെ വഴികളില്‍ നിന്ന് ബിച്ചു തിരുമല യാത്രയാകുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ശാന്തികവാടത്തിൽ നടക്കും. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ എഴുതിയ റെക്കോര്‍ഡ് ആണ് പാട്ടിന്റെ വഴികളില്‍ ബിച്ചു തിരുമല ബാക്കിയാക്കുന്നത്.

മൈനാകം, രാകേന്ദു കിരണങ്ങള്‍, ഒറ്റക്കമ്പി നാദം മാത്രം പോലെ തുടങ്ങി മലയാളം എന്നുമോര്‍ക്കുന്ന എണ്ണമറ്റ ഗാനങ്ങളാണ് ആ തൂലിക തുമ്പില്‍ നിന്നും പിറന്നു വീണത്. 1970-ല്‍ ‘ഭജഗോവിന്ദത്തിലെ ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ പല്ലവി പാടിയ നേരം…’ എന്ന പാട്ടാണ് ആദ്യത്തേത്. സിനിമ പുറത്ത് വന്നില്ലേങ്കിലും യേശുദാസ് പാടിയ ഈ പാട്ട് വലിയ ഹിറ്റായി മാറി. യേശുദാസിന്റെ തരംഗിണി തിരുവനന്തപുരത്ത് തുടങ്ങിയപ്പോള്‍ കസറ്റുകളിലെ മിക്ക പാട്ടുകളും ബിച്ചു തിരുമലയുടേത് ആയിരുന്നു.

1984-ല്‍ ‘തരംഗിണി’ പുറത്തിറക്കിയ ‘വസന്തഗീതങ്ങള്‍’ എന്ന ആല്‍ബത്തിലെ ‘മാമാങ്കം പലകുറി കൊണ്ടാടി…’ എന്ന ലളിതഗാനത്തിന്റെ പോലും ജനപ്രിയത ഇപ്പോഴും മങ്ങിയിട്ടില്ലെന്നു ബിച്ചു തിരുമലയുടെ സര്‍ഗശേഷിയുടെ തെളിവായി മാറുന്നു. ബിച്ചു തിരുമലയും രവീന്ദ്രനും ഒരുമിച്ച ഗാനമായിരുന്നു അത്.

ബിച്ചു തിരുമലയും രവീന്ദ്രനും ആദ്യമായി സിനിമയില്‍ ഒരുമിച്ച ‘തേനും വയമ്പും’ എന്ന ചിത്രത്തിലെ പാട്ടിന് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. എ.ടി. ഉമ്മറും ശ്യാമുമാണ് കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഈണം നല്‍കിയത്. ഭരതന്റെ ‘പ്രയാണ’ത്തിലാണ് വയലാറിന്റെകൂടെ എഴുതി. സമസ്യ എന്ന ചിത്രത്തില്‍ പി. ഭാസ്‌കരന്‍, ഒ.എന്‍.വി. എന്നിവരുമായി ചേര്‍ന്ന് പാട്ടെഴുതി. എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ മോഹന്‍ലാലും ജഗതിയും തകര്‍ത്തഭിനയിച്ച ‘യോദ്ധ’യിലെ പാട്ടുകള്‍ എഴുതിയത് ബിച്ചു തിരുമലയായിരുന്നു.

എല്ലാ ഗാനങ്ങളും മലയാളികള്‍ നെഞ്ചേറ്റുകയും ചെയ്തു. ഇന്നും എന്റെ പാട്ടുകള്‍ ആളുകള്‍ ഇഷ്ടപ്പെടുകയും മൂളിനടക്കുകയും ചെയ്യുന്നുവെന്നതുതന്നെ ഏറ്റവും ചാരിതാര്‍ഥ്യമുള്ള കാര്യമാണ് എന്നാണ് ഒരഭിമുഖത്തില്‍ ബിച്ചു തിരുമല പറഞ്ഞത്. പ്രശസ്തരും അല്ലാത്തവരുമായ അറുപതിലധികം സംഗീതസംവിധായകര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം നല്‍കി. ഏറ്റവും കൂടുതല്‍ പാട്ടെഴുതിയത് ഐ.വി. ശശി സംവിധാനംചെയ്ത ചിത്രങ്ങള്‍ക്കാണ്. ശശിയുടെ 35 ചിത്രങ്ങള്‍ക്കാണ് പാട്ടെഴുതിയത്. ബിച്ചു തിരുമലയുടെ വരികൾക്ക് എം.ജി. രാധാകൃഷ്ണന്‍സംഗീതം നല്‍കിയ മണിച്ചിത്ര താഴിലെ പഴംതമിഴ്പാട്ടും ഏറ്റവുംഹിറ്റായി മാറി.

ബിച്ചു തിരുമലയെ ചെറുപ്പത്തില്‍ ഏറ്റവും അധികം വിഷമിപ്പിച്ചത് രണ്ടര വയസുകാരനായ അനിയന്‍ ബാലഗോപാലന്റെ മരണമായിരുന്നു. വേടമല എസ്റ്റേറ്റിലെ താമസത്തിന്നിടയ്ക്ക് ഒരു ദിവസം രാത്രി ബാലു കഠിനമായ എന്തോ വേദനകൊണ്ടു പുളഞ്ഞുകരഞ്ഞു.

വൈദ്യനെ വിളിച്ചുകൊണ്ടുവരാൻ ബന്ധു സൈക്കിളുമായി പുറപ്പെട്ടു. പക്ഷേ, വൈദ്യൻ അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ ബിച്ചു ഉറക്കമുണർന്നു നോക്കുമ്പോൾ കുഞ്ഞനിയൻ ചുവന്ന പട്ട് പുതച്ചു കിടക്കുകയാണ്. ബാലുവിനെ കുഴിയിൽ വച്ച് മണ്ണിട്ട് മൂടിയപ്പോൾ ബാലു പുനര്‍ജനിക്കും എന്ന് തന്നെ ബിച്ചു കരുതി. ഈ ഓര്‍മ്മയില്‍ ഒട്ടനവധി താരാട്ടുപാട്ടുകള്‍ അദ്ദേഹം രചിച്ചു.

ഫാസിലിന്റെ പപ്പയുടെ സ്വന്തം അപ്പൂസിനുവേണ്ടി രചിച്ച ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, താരാട്ട് പാട്ട് അവിചാരിതമായി മനസിലേക്കെത്തിയ അനിയന്റെ ഓർമമകളിലായിരുന്നു. ആ താരാട്ട് പാട്ട് സൂപ്പർഹിറ്റ് ആകുകയും ചെയ്തു.

ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ, ഉണ്ണിയാരാരിരോ തങ്കമാരാരിരോ….,രാവു പാതി പോയ് മകനേ ഉറങ്ങു നീ.., കണ്ണനാരാരോ ഉണ്ണി കൺമണിയാരാരോ…..കണ്ണോടു കണ്ണോരം നീ കണിമലരല്ലേ… എൻപൂവേ പൊൻപൂവേ ആരീരാരം പൂവേ… മാധുര്യമൂറുന്ന താരാട്ടുകളും പുതിയ ഹിറ്റുകളുടെ ചരിത്രം തന്നെയാണ് രചിച്ചത്.

More articles

Latest article