LogoLoginKerala

ഇനി എന്ന് കണ്ണ് തുറക്കും കേരളമേ.

നൊമ്പരകാഴ്ചയായി ആലുവ
 
Aluva crime

കേരളത്തെ കണ്ണീരിലാഴ്ത്തി ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലായിരുന്നു സംസ്കാരം. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു ശ്മശാനത്തിലെത്തിച്ചത്. സ്‌കൂളിലെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കുട്ടിയുടെ കൂട്ടുകാരികളിലൊരാൾ ചലനമറ്റ ശരീരത്തിന് അരികെ ഒരു പാവക്കുട്ടി അന്ത്യാഞ്ജലിയായി നൽകിയത് നൊമ്പരകാഴ്ചയായി. കണ്ട് നിന്നവർ പലരും വിതുമ്പി.
 

ഈ ദാരുണസംഭവത്തിന്റെ ഞെട്ടലിലിൽ നിന്ന് പ്രദേശവാസികൾ ഇപ്പോഴും മോചിതരായിട്ടില്ല. നട്ടുച്ചയ്ക്ക് നഗരമധ്യത്തിലെ തിരക്കേറിയ ചന്തയോട് ചേർന്നുള്ള ഒഴിഞ്ഞ ഇടത്ത് പിഞ്ചുകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും നാടറിയാതിരുന്നതാണ് ഏറെ വേദനിപ്പിക്കുന്നത്.  മുൻസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള ഈ ഒഴിഞ്ഞ പ്രദേശം 9 വർഷത്തിലേറെയായി ഇതേ അവസ്ഥയിലാണ്. പോലീസ് അടക്കം ഇവിടേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല.
 

കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി മൊഴി നല്‍കി. ഇയാള്‍ ഒറ്റയ്ക്ക് കൃത്യം നിര്‍വഹിച്ചെന്നാണ് പൊലീസിന്റെ നിഗമനം. 

ആലുവ മാര്‍ക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് ചെളിയില്‍ താഴ്ത്തി, ചാക്കിട്ടു മൂടി മുകളില്‍ കല്ലു വെച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ കൈ ചാക്കിന് പുറത്തേക്ക് തള്ളിനിന്നത് കൊണ്ടാണ് മൃതദേഹം മാലിന്യങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയത്. 

തുടക്കത്തില്‍ ലൈംഗിക പീഡനം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ കുട്ടി അതിക്രൂര പീഡനത്തിന് ഇരയായതായി വ്യക്തമാവുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചും മുറിവേല്‍പ്പിച്ചു. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയതെന്നും കണ്ടെത്തി. ഒന്നര വര്‍ഷം മുമ്പ് കേരളത്തിലെത്തിയ അഫ്‌സാഖ് മൊബൈല്‍ മോഷണ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ്. ഇയാള്‍ വിവിധയിടങ്ങളില്‍ നിര്‍മാണ് ജോലികള്‍ ചെയ്ത ശേഷമാണ് ബിഹാര്‍ സ്വദേശികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ താമസിക്കാനെത്തിയത്. പോലീസ്, ഭരണനേതൃത്വങ്ങൾ അടക്കം നമ്മുടെ സംവിധാനത്തിന് നേരെയുള്ള ചോദ്യം തന്നെയാവുകയാണ് മാപ്പില്ലാത്ത ഈ ക്രൂരത.