LogoLoginKerala

ഇന്ത്യന്‍ പാര്‍ലമെന്റ് പുതു ചരിത്രമെഴുതുമ്പോള്‍....

കൊളോണിയല്‍ ഭരണകൂടത്തിന്റെ പ്രതീകമായ പഴയ പാര്‍ലമെന്റ് മന്ദിരം മ്യൂസിയമായി നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

 
Parliment

 വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചു കൊണ്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28-ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ഭരണാധികാരിയായ രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത സംഭവം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളടക്കം നിലവില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. എന്തിരുന്നാലും എതിര്‍പ്പുകളെ വകവെക്കാതെ പുതിയ മന്ദിരം നാളെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. ഇതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിലവിലെ പാര്‍ലമെന്റ് മന്ദിരം ചരിത്രത്തിന്റെ ഭാഗമായി മാറും.

Parliment

പുതു ചരിത്രം കുറിക്കാന്‍ പുതിയ പാര്‍ലമെന്റ് നാളെ രാജ്യത്തിന് നല്‍കുമ്പോള്‍ നാളിതുവരെ നാഴികകല്ലായ പല തീരുമാനങ്ങളുടെയും ഉറവിടമായത് പഴയ മന്ദിരമാണ്. രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. രാഷ്ട്രപതി, രാജ്യസഭ, ലോക് സഭ എന്നിവ ചേര്‍ന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനം. സന്‍സദ് ഭവന്‍ അഥവാ പാര്‍ലമെന്റ് ഹൗസാണ് രാജ്യത്തിന്റെ ഭരണശിലാകേന്ദ്രമായി അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രതീകമായ മന്ദിരം മ്യൂസിയമായി നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ബ്രിട്ടീഷുകാര്‍ ഇന്ത്യഭരിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു കെട്ടിടം ആദ്യമായി നിര്‍മ്മിക്കുന്നത്. 1921 ഫെബ്രുവരി 12നാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടുന്നത്. അന്നത്തെ ബ്രിട്ടീഷ് വാസ്തു ശില്‍പികളായ എഡ്വിന്‍ ലുട്യന്‍സും ഹെര്‍ബര്‍ട് ബേക്കറും ചേര്‍ന്നാണ് മന്ദിരം രൂപകല്‍പ്പന ചെയ്തത്.

Parliment Makers

ഇന്ത്യന്‍ തലസ്ഥാന നഗരിയായ ന്യൂ ഡെല്‍ഹിയുടെ പ്രധാന പാതയായ സന്‍സദ് മാര്‍ഗിലാണ് നിലവിലെ പാര്‍ലമെന്റ് ഭവനം സ്ഥിതി ചെയ്യുന്നത്. കല്‍ക്കട്ടയിലെ ഇംപീരിയല്‍ ക്യാപ്പിറ്റല്‍ ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ ഡല്‍ഹിക്കുള്ളില്‍ പുതിയ നഗരമായി ന്യൂഡല്‍ഹിയും, രാഷ്ട്രപതിഭവനായി മാറിയ വൈസ്രോയിയുടെ ബംഗ്ലാവും നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളടങ്ങുന്ന മന്ദിര സമുച്ചയങ്ങളുമടക്കമുള്ള നിര്‍മ്മിതകളും ഇവര്‍ നിര്‍മ്മിച്ചവയാണ്.

Parliment

തറക്കല്ലിട്ട് ആറ് വര്‍ഷത്തിനു ശേഷമാണ് പഴയ പാര്‍ലമെന്റ് നിര്‍മ്മാണം പൂര്‍ത്തിയായത്. 1927 ജനുവരി 18ന് അന്നത്തെ ഇന്ത്യന്‍ വൈസ്രോയ് ലോര്‍ഡ് ഇര്‍വിനാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷുകാരുടെ കൈകളില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ച വേളയില്‍ അവര്‍ സ്വതന്ത്ര ഇന്ത്യയുടെ നേതാക്കള്‍ക്ക് ഭരണ കൈമാറ്റം നടത്തിയത് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വച്ചായിരുന്നു. പിന്നീട് ഭരണഘടനാ നിര്‍മ്മാണ വേളയിലെ ചര്‍ച്ചകളും നടപടിക്രമങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതും ഇതേ മന്ദിരത്തില്‍ വച്ചാണ്. രാജ്യത്തിന്റെ നാഴിക കല്ലായ പല തീരുമാനങ്ങളുടെയും ഉറവിടവും ഇത് തന്നെയായിരുന്നു. 1950ല്‍ ഭരണഘടന നിലവില്‍ വന്നതിന് ശേഷം പൊതുതെരെഞ്ഞെടുപ്പ് നടത്തിയാണ് ആദ്യ പാര്‍ലമെന്റ് നിലവില്‍ വന്നത്. 1952 മെയ് 13നായിരുന്നു ആദ്യ ലോക്‌സഭാ യോഗം നടത്തിയത്.

നിലവിലെ പാര്‍ലമെന്റ് കെട്ടിടം ആറേക്കറിലാണ് സ്ഥിതി ചെയ്യുന്നത്. വ്യത്താക്രൃതിയിലുള്ള കെട്ടിടത്തിന് 12 പ്രവേശന കവാടങ്ങളുണ്ട്. രാജ്യസഭ ലോക്‌സഭ ഹാളുകള്‍ക്ക് പുറമേ മന്ദിരത്തിന്റെ മധ്യഭാഗത്തായി സെന്‍ട്രല്‍ ഹാളുമുണ്ട്. 146 കല്‍ത്തൂണുകളാണ് മന്ദിരത്തിന്റെ സവിശേഷതയെന്ന് എടുത്ത് പറയണം. പരവതാനിയുടെ നിറമനുസരിച്ചാണ് ലോക്‌സഭാ-രാജ്യസഭാ ഹാളുകള്‍ തിരിച്ചറിയുക. ലോക് സഭാ ഹാള്‍ പച്ച നിറത്തിലും രാജ്യസഭാ ഹാള്‍ ചുവപ്പ് നിറത്തിലുമാണ് കാണുക. 1956ല്‍ സ്ഥലപരിമിതി കണക്കിലെടുത്ത് മന്ദിരത്തിന് രണ്ട് നില കൂടി പണിതിരുന്നു. 2001ല്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിന് കേടുപാടുകളും സംഭവിച്ചു. ഈ സാഹചര്യങ്ങളും കാലപ്പഴക്കവും പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ കാരണമായി.

തലസ്ഥാന നഗരിയായ ഡല്‍ഹിയുടെ ഭരണസിരാ കേന്ദ്രങ്ങള്‍ പരിഷ്‌കരിക്കാന്‍ തയ്യാറാക്കിയ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മിച്ചത്. സ്ഥലപരിമിതിയും സൗകര്യക്കുറവും പരിഗണിച്ചാണ് പുതിയ മന്ദിരം നിര്‍മ്മിച്ചത്.  രണ്ടര വര്‍ഷമെടുത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പുതിയ പാര്‍ലമെന്റ് ഉദ്ഘാടനവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിയെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് സൂചന.

Content Highlights - New Parliment Inaguration