LogoLoginKerala

വയനാട് ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു, വരും പ്രിയങ്കയെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

 
rahul priyanka

വയനാട്- രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ ഒഴിവുവന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നൊരുക്കം ആരംഭിച്ചതോടെ ആരായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന ചോദ്യം സജീവമായി. അയോഗ്യതയെ കോടതി വിധിയിലൂടെ അതിജീവിച്ച് 2014ലെ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി തന്നെ എത്തുമെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അഥവാ കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാതെ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായാല്‍ സാക്ഷാല്‍ പ്രിയങ്ക തന്നെ രാഹുലിന് പകരക്കാരിയായി വരണമെന്നാണ് അവരുടെ ആഗ്രഹം. ഹൈക്കോടതി അന്തിമ വിധി പറയും വരെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിശബ്ദത തുടരും. കീഴ് കോടതി വിധി ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചാലുടന്‍ ആരാകും രാഹുലിന്റെ പിന്‍ഗാമിയെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് അടിയന്തരമായി ഉത്തരം കണ്ടെത്തേണ്ടി വരും.

മോദി പരാമര്‍ശത്തിന്റെ പേരില്‍ തന്നെ അയോഗ്യനാക്കിയ വിധിക്കെതിരെ രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയെ സമീപിച്ചെങ്കിലും അയോഗ്യത നീക്കാന്‍ കോടതി തയാറായിരുന്നില്ല. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ പഴ്‌സണല്‍ സ്റ്റാഫിനെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനും വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഔദ്യോഗികമായി തന്നെ ആരംഭിച്ചു. ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ ഇലക്ഷന്‍ പ്രഖ്യാപിക്കാന്‍ പാകത്തില്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. കോഴിക്കോട് കളക്ടറേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചതോടെയാണ് ഇക്കാര്യം രാഷ്ട്രീയ നേതൃത്വങ്ങള്‍ അറിയുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോള്‍ ഇന്നു രാവിലെ എട്ടു മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ആശ്വാസ കേന്ദ്രം ഗോഡൗണില്‍ ആരംഭിക്കുകയാണെന്നും ഈ സമയത്തും മോക്ക് പോള്‍ പൂര്‍ത്തിയാകുന്നതുവരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നുമാണ് ഡെപ്യൂട്ടി കളക്ടറുടെ പേരിലുള്ള നോട്ടിസില്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസും സി പി എമ്മുമടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടി സിദ്ദിഖിനെയാണ് വയനാട്ടില്‍ ആദ്യം സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍, പിന്നീട് രാഹുല്‍ മത്സരിക്കാന്‍ വയനാട്ടിലേക്ക് എത്തുകയായിരുന്നു. നേതാവിനു വേണ്ടി വഴി മാറിയ സിദ്ദിഖ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കല്‍പറ്റയില്‍ നിന്ന് മത്സരിച്ച് പിന്നീട് നിയമസഭാംഗമായി. വയനാട്ടില്‍ രാഹുലല്ലാതെ മറ്റാരെയും കോണ്‍ഗ്രസിന്റെ മനസ്സിലില്ലെന്ന് ടി സിദ്ദീഖ് പറഞ്ഞു. ഹൈക്കോടതി വിധി വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചും സ്ഥാനാര്‍ഥിയെക്കുറിച്ചും ആലോചിക്കുന്നു പോലുമില്ലെന്ന് അദ്ദേഹം പറയുന്നു.