LogoLoginKerala

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പു വന്നാല്‍ പ്രിയങ്ക? മുന്നണികളില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

 
rahul priyanka

വയനാട്: രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീങ്ങുന്നില്ലെങ്കില്‍ വയനാട്ടില്‍ വൈകാതെ ഉപതിരഞ്ഞെടുപ്പ് വരുമെന്ന് ഉറപ്പായതോടെ മൂന്നു മുന്നണികള്‍ക്കുള്ളിലും സ്ഥാനാര്‍ഥിത്വ ചര്‍ച്ചകള്‍ സജീവമാകുന്നു. യു ഡി എഫിന്റെ ഉറച്ച മണ്ഡലമായ വയനാട്ടില്‍ രാഹുലിന് പകരം ആരെന്ന ചോദ്യത്തിന് പ്രിയങ്ക മത്സരിക്കുമെന്ന ഉത്തരം പലരും പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പ്രിയങ്ക ഇനിയും തയ്യാറായിട്ടില്ലെന്നത് പ്രധാനമാണ്. ഇക്കാര്യത്തില്‍ പ്രിയങ്കയുടെ തീരുമാനം തന്നെയായിരിക്കും പ്രധാനം. 
തീര്‍ത്തും അപ്രതീക്ഷിതമായാണ് സുരക്ഷിത മണ്ഡലം തേടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തിയത്. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഉത്തരേന്ത്യയിലെ മറ്റേത്ത മണ്ഡലത്തെക്കാളും ഉറപ്പോടെ സോണിയക്ക് ഇവിടെ മത്സരിക്കാനാകും. ഒരുപക്ഷെ ഇടതു വോട്ടുകള്‍ പോലും നേടാന്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പ്രിയങ്കക്ക് സാധിക്കും. എന്നാല്‍ പ്രിയങ്ക മത്സരിക്കുന്നില്ലെങ്കില്‍ ആര് എന്ന ചോദ്യവും സജീവമാണ്. പ്രിയങ്കയല്ലെങ്കില്‍ സംസ്ഥാന കോണ്‍ഗ്രസിലെ പ്രമുഖരാരെങ്കിലും വയനാട്ടില്‍ മത്സരിക്കും. രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ സി വേണുഗോലാല്‍ ഇവിടെ നിന്ന് ലോകസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യം സജീവമാണ്. എന്നാല്‍ അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രി പദം സ്വപ്‌നം കാണുന്ന വേണുഗോപാല്‍ അതിന് തയ്യാറാകുമോ എന്ന ഉറപ്പില്ല. കേരളത്തില്‍ നിന്ന് മറ്റാരെ പരിഗണിച്ചാലും അത് തര്‍ക്കങ്ങള്‍ക്ക് വഴിവെക്കും. 
എല്‍ ഡി എഫില്‍ സ്വാഭാവികമായി വയനാട് സീറ്റ് സി പി ഐക്കുള്ളതാണ്. കേരള ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനായ പി പി സുനീറിനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുര്‍ ഗാന്ധിയോട് മത്സരിച്ചത് സുനീറാണ്. എന്‍ ഡി എയില്‍ ബി ഡി ജെ എസ് വയനാട് സീറ്റിന് വേണ്ടി അവകാശവാദമുന്നയിച്ചു കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് രാഹുല്‍ ഗാന്ധിയോട് മത്സരിച്ചത്. 
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 7,06,367 വോട്ടാണ് വയനാട്ടില്‍ നേടിയത്. 2014ല്‍ എം ഐ ഷാനവാസ് നേടിയിരുന്നത് 3,77,035 വോട്ടായിരുന്നു. എല്‍ ഡി എഫിന്റെ വോട്ട് 2014ല്‍ ലഭിച്ച 3,56,165ല്‍ നിന്നും 2019ല്‍ 2,74,597 വോട്ടായി കുത്തനെ കുറഞ്ഞു. എന്‍ ഡി എക്ക് 2014ലെ 80,752 വോട്ടില്‍ നിന്ന് 78,816 വോട്ടായി കുറഞ്ഞു. 
ഇത് രാഹുല്‍ പ്രഭാവം കൊണ്ടാണെന്നും പ്രിയങ്ക മത്സരിക്കുന്നില്ലെങ്കില്‍ ചിത്രം മാറിമറിയുമെന്നും ഇടതുപക്ഷവും ബി ജെ പിയും പറയുന്നു.