LogoLoginKerala

എഴുതാത്ത പരീക്ഷയും വ്യാജരേഖയും; പ്രതിരോധത്തിലായി സിപിഎം

 
Arsho VS Vidhya

പരീക്ഷ എഴുതാതെ ജയിക്കാന്‍ പറ്റുമോ?, വ്യാജ രേഖ ഉപയോഗിച്ച് ജോലി തട്ടിപ്പോ.. എല്ലാം ഇവിടെ ഒരു പ്രശ്‌നവുമില്ലാതെ നടക്കും. കൊച്ചി മഹാരാജാസ് കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ട് സംഭവ ബഹുലമായ തട്ടിപ്പുകളാണ് കേരളത്തില്‍ ഇപ്പോള്‍ ചൂടു പിടിച്ച വാര്‍ത്തയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ എഴുതാത്ത പരീക്ഷയും ജയിച്ചതായി കാണിച്ച മാര്‍ക്ക് ലിസ്റ്റ് പുറത്തു വന്നിരുന്നു.

Arsho

എറണാകുളം മഹാരാജാസ് കോളേജിലെ ഇന്റര്‍ഗ്രേറ്റഡ് പി ജ പ്രോഗ്രാം ഇന്‍ ആര്‍ക്കിയേളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്ക് മാര്‍ക്കോ ഗ്രേഡോ നല്‍കിയിട്ടില്ല പക്ഷ പാസ്ഡ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.. മാര്‍ച്ച 23-ാം തീയതിയില്‍ പ്രസിദ്ധീകരിച്ച മാര്‍ക്ക് ലിസ്റ്റാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളിത്തിയിരിക്കുന്നത്. സംഭവം പുറത്തായതോടെ കോളേജ് അധികൃതര്‍ ലിങ്കില്‍ തിരുത്തു വരുത്തി. അങ്ങനെ ആദ്യം ജയിച്ച ആര്‍ഷോ പിന്നീട് തോറ്റു, പക്ഷെ പ്രതിപക്ഷം അങ്ങനെയൊന്നും സംഭവത്തെ വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. മാര്‍ക്ക് ലിസ്റ്റില്‍ തിരുത്ത് വന്നെങ്കിലും ആര്‍ഷോ ഇപ്പോഴും എയറിലാണ്.

മാര്‍ക്ക് ലിസ്റ്റ് തയാറാക്കുന്ന നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെ സോഫ്റ്റ്വെയറിലെ വീഴ്ചയാണു പ്രശ്‌നമായതെന്നും മുന്‍പും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ഡോ. വി.എസ്.ജോയ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, മാര്‍ക്ക് ലിസ്റ്റില്‍ പറയുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമല്ല താന്‍ പഠിച്ചതെന്നും അതു 2021 ബാച്ചിന്റെ ഫലമാണെന്നും ആര്‍ഷോയും പറയുന്നു.

പരീക്ഷ നടക്കുന്ന സമയം താന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല, എറണാകുളം ജില്ലയില്‍ കയറാന്‍ പാടില്ലെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു. ഈ പരീക്ഷ നടക്കുമ്പോള്‍ ഞാന്‍ ആ ജില്ലയില്‍ തന്നെയില്ല. എഴുതാത്ത പരീക്ഷ പാസാക്കിയതിനെ കുറിച്ച് പരീക്ഷ കണ്‍ട്രോളറാണ് മറുപടി നല്‍കേണ്ടത്. ഒന്നുകില്‍ സാങ്കേതിക പിഴവായിരിക്കാം. അല്ലെങ്കില്‍ വിവാദം ഉണ്ടാക്കാനായി ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതായിരിക്കാമെന്നാണ് ആര്‍ഷോ പറയുന്നത്.

സാങ്കേതിക തകരാറാണെന്ന് കോളേജ് അധികൃതരും, എഴുതാത്ത പരീക്ഷ പാസാക്കണമെന്ന് ആവശ്യപ്പെടാന്‍ മാത്രം ബോധവും ബുദ്ധിയും ഇല്ലാത്ത ആളല്ല താനെന്നും ആര്‍ഷോയും തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നുണ്ട്. ആര്‍ഷോയുടെ പ്രസ്താവന പ്രിന്‍സിപ്പാള്‍ ശരിവെക്കുന്നുമുണ്ട്.

സംഭവത്തില്‍ ആര്‍ഷോയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പാര്‍ട്ടിയും കൂടെ തന്നെയുണ്ട്. ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാദം. ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ്  പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്.

വിവാദവും പ്രതിഷേധവുമായി സംഭവം അങ്ങനെ ചൂടുപിടിക്കുന്നതിനിടയിലാണ് സിപിഎമ്മിനെ എട്ടിന്റെ പണിയുമായി വ്യാജ രേഖ ചമയ്ക്കലും പുറത്തു വരുന്നത്. സംഭവസ്ഥലം ഇതേ മഹാരാജാസ് കോളേജും. കാസര്‍കോട് സ്വദേശിനിയും മുന്‍ എസ് എഫ് ഐ നേതാവുമായ കെ വിദ്യായണ് മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് അട്ടപ്പാടി രാജീവ് ഗാന്ധി ആര്‍ട്സ് കോളേജില്‍ ജോലിയ്ക്കായി അപേക്ഷിച്ചത്. അഭിമുഖം നടത്തുന്നതിനിടയില്‍ രേഖയില്‍ സംശയം തോന്നി മഹാരാജാസ് കോളേജിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

Vidhya

ജൂണ്‍ മാസം രണ്ടാം തീയതിയാണ് മഹാരാജാസ് കോളേജിന്റെ പേരില്‍ വിദ്യ വ്യാജ രേഖ ഉണ്ടാക്കിയത്. മാഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പാളിന്റെ ഒപ്പും വ്യാജമായി ഉപയോഗിച്ചാണ് വിദ്യ രേഖകള്‍ തയാറാക്കിയത്. മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തില്‍ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചററായിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. എന്നാല്‍, 10 വര്‍ഷമായി മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം വേണ്ടി വന്നിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ പൊലീസ് പ്രിന്‍സിപ്പാള്‍ളിന്റെ മൊഴിയെടുത്തു. അട്ടപ്പാടി രാജീവ് ഗാന്ധി ആര്‍ട്സ് കോളേജ് അധികൃതര്‍ അയച്ചു കൊടുത്ത എല്ലാ രേഖകളും പ്രിന്‍സിപ്പാള്‍ പൊലീസിന് കൈമാറുകയും ചെയ്തു. കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അഗളി പൊലീസിന് കൈമാറാനാണ് തീരുമാനം.

എന്തിരുന്നാലും, വ്യാജരേഖ ചമയ്ക്കലും മാര്‍ക്ക് ലിസ്റ്റ് വിവാദവും പുറത്തു വന്നപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത് സിപിഎം നേതൃത്വമാണ്. ആര്‍ഷോ പാര്‍ട്ടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും വിദ്യ എസ്എഫ് ഐയുടെ മുന്‍ നേതാവും ആയതിനാല്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുമ്പോഴും നമ്മള്‍ ഓര്‍മിക്കേണ്ട ഒരു വസ്തുതയുണ്ട്, ഉന്നത വിദ്യാഭ്യാസത്തിലും ജോലി നിയമനത്തിലും അര്‍ഹതപെട്ടവരെ തഴഞ്ഞു കൊണ്ടാണോ ഇത്തരത്തില്‍ വ്യാജ നിയമനങ്ങളും വിദ്യാഭ്യാസത്തിലെ ജയപരാജയങ്ങളും കേരളത്തില്‍ നടക്കുന്നതെന്ന്...