LogoLoginKerala

തിപ്ര മോത്ത തലവന്‍ രാഷ്ട്രീയം വിടുന്നു! ത്രിപുരയില്‍ വന്‍ ട്വിസ്റ്റ് , ലക്ഷ്യം അട്ടിമറി വിജയമോ?

 
THIPRAMOTHA

രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ത്രിപുരയില്‍ നിന്നും ഒരു ഞെട്ടിക്കുന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്. താന്‍ രാഷ്ട്രീയം വിടുകയാണെന്ന തിപ്ര മോത്ത തലവന്‍ പ്രദ്യോത് ദേബ് ബര്‍മ്മന്റെ പ്രഖ്യാപനമാണ് ത്രിപുര രാഷ്ടീയത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബുബാഗ്ര എന്ന നിലയില്‍ താന്‍ ഒരിക്കലും ജനങ്ങളോട് വോട്ട് തേടില്ലെന്നും പ്രദ്യോത് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയാണ് പ്രദ്യോത് ഇക്കാര്യം വ്യക്തമാക്കിയത്. പ്രദ്യോത് ദേബ് ബര്‍മ്മന്റെ ഈ പ്രഖ്യാപനം തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതുകൊണ്ടുതന്നെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ പ്രദ്യോതിന്റെ തിപ്ര മോത്ത അട്ടിമറി ഉണ്ടാക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്. പ്രത്യേകിച്ച് ആദിവാസി മേഖലയിലാണ് അട്ടിമറി പ്രവചിക്കുന്നത്. നിലവില്‍ 60 ല്‍ 42 മണ്ഡലങ്ങളിലാണ് തിപ്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. കുറഞ്ഞത് 26 ഓളം സീറ്റുകളെങ്കിലും നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് സംഘടന കണക്ക് കൂട്ടുന്നത്. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് തിപ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഗ്രേറ്റര്‍ ടിപ്ര ലാന്റിന് വേണ്ടി പിന്തുണയ്ക്കുന്നവര്‍ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള പിന്തുണ പുറമേനിന്ന് നല്‍കാന്‍ പാര്‍ട്ടി തയ്യാറാണെന്ന് സംഘടന അധ്യക്ഷന്‍ ബിജോയ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം ഉണ്ടാക്കുന്നത് സംബന്ധിച്ച് ആലോചിച്ചിരുന്നു. ഗുവാഹാട്ടിയില്‍ അസം മുഖ്യമന്ത്രിയുമായും ഡല്‍ഹിയില്‍നിന്നെത്തിയ രണ്ടു ബി.ജെ.പി. നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. എന്നാല്‍ പുതിയ സംസ്ഥാനം എന്ന ഉറപ്പ് മാത്രം നല്‍കാന്‍ അവര്‍ തയ്യാറായിരുന്നു. ആരാണോ തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത്, അക്കാര്യം രേഖകളിലൂടെ ഉറപ്പ് നല്‍കുന്നവര്‍ക്കാണ് ഞങ്ങളുടെ പിന്തുണയെന്നും ബിജോയ് കുമാര്‍ പറഞ്ഞു.

അതേസമയം ജനങ്ങള്‍ക്കൊപ്പം തന്നെ താനുണ്ടാകുമെന്നും സാമൂഹ്യ സേവനങ്ങളുമായി ഇനി പൊതുരംഗത്ത് തന്നെ സജീവമായി തുടരുമെന്നും പ്രദ്യോത് പറഞ്ഞു. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് പ്രദ്യോദിനുള്ളത്. രാജകുടുംബാംഗമെന്ന നിലയില്‍ കൂടിയാണ് പ്രദ്യോതിനുള്ള ഈ പിന്തുണ. മുന്‍ കോണ്‍ഗ്രസ് നേതാവായ പ്രദ്യോത് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയായിരുന്നു.

ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസ സൗകര്യവുമില്ലാത്ത പാവപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള തന്റെ പോരാട്ടത്തെ മനസിലാക്കാന്‍ പല നേതാക്കള്‍ക്കും സാധിച്ചില്ലെന്നും തന്റെ വികാരം മനസിലാക്കാതെ പല നേതാക്കളും ഉപേക്ഷിച്ച് പോയെന്നും പ്രദ്യോത് പറഞ്ഞു. 'ഇത് എന്റെ അവസാനത്തെ രാഷ്ട്രീയ വേദിയാണ്. ഇനി ഒരിക്കലും ജനങ്ങളോട് നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ വോട്ട് തേടില്ല. എന്നെ ഇത് വേദനിപ്പിക്കുന്നുണ്ട്. തീര്‍ച്ചയായും ശക്തമായ പോരാട്ടമാണ് ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി കാഴ്ച വെച്ചത്', പ്രദ്യോത് പറഞ്ഞു. വ്യാഴാഴ്ചയാണ് ത്രിപുരയില്‍ വോട്ടെടുപ്പ് നടക്കുന്നത്. തിപ്ര മോത്തയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുന്നത്.