LogoLoginKerala

വേറിട്ട വിശ്വാസങ്ങള്‍, ഈസ്റ്റര്‍ ക്രിസ്തുമസ് ജന്മദിനാഘോഷങ്ങളില്ല; ആരാണ് യഹോവ സാക്ഷികള്‍?

 
yahova

ളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയ ഡൊമനിക് എന്നയാള്‍ വെളിപ്പെടുത്തിയത് യഹോവ സാക്ഷികള്‍ രാജ്യ വിരുദ്ധരാണെന്നും അവരെ തിരുത്താന്‍ പലതവണ ശ്രമിച്ചതായും മറ്റു വഴികള്‍ ഇല്ലാത്തതുകൊണ്ടാണ് സ്ഫോടനം നടത്തേണ്ടി വന്നതെന്നുമാണ്. ഈ സാഹചര്യത്തില്‍ യഹോവ സാക്ഷികളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.

മുഖ്യധാരാക്രൈസ്തവരില്‍ നിന്ന് വ്യത്യസ്തമായി മതവിശ്വാസം പിന്തുടരുന്നവരാണ് യഹോവ സാക്ഷികള്‍. ഒരു അന്താരാഷ്ട്ര ക്രിസ്തീയ മത വിഭാഗമാണിവര്‍. 1870 ല്‍ അമേരിക്കയിലാണ് യഹോവ സാക്ഷികള്‍ എന്ന ചെറു ഗ്രൂപ്പ് രൂപം കൊള്ളുന്നത്. ഇവരെ ക്രിസ്ത്യാനികളെന്നോ യെഹൂദരെന്നോ വിശേഷിപ്പിക്കാന്‍ കഴിയില്ല. കാരണം ക്രിസ്തു ദൈവപുത്രന്‍ മാത്രമാണെന്നാണ് യഹോവ സാക്ഷികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ യഹോവ മാത്രം ആണ് ഏകദൈവം എന്ന് ഇവര്‍ വിശ്വസിക്കുന്നു. 1905 ലാണ് ഇവര്‍ കേരളത്തില്‍ പ്രചാരണത്തിനെത്തിയതെങ്കിലും 1950-കളിലാണ് യഹോവ സാക്ഷികള്‍ അവരുടെ സജീവ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 'യഹോവയുടെ സാക്ഷികള്‍' എന്നാണ് ഇവരെ ഔദ്യോഗികമായി അറിയപ്പെടുന്നത്. കേരളത്തില്‍ ഇവരെ 'യഹോവ സാക്ഷികള്‍' എന്നാണ് വിളിക്കുന്നത്. സി ടി റസ്സല്‍ ആണ് യഹോവയുടെ സാക്ഷികളുടെ സ്ഥാപകന്‍.

80 ലക്ഷത്തോളം യഹോവയുടെ സാക്ഷികള്‍ ലോകത്തുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷത്തോളം കൂട്ടായ്മകളും ഇവര്‍ നടത്തി വരുന്നു. വീടുതോറുമുള്ള സുവിശേഷ പ്രവര്‍ത്തനമാണ് ഇവരുടെ മുഖമുദ്രയായി പറയപ്പെടുന്നത്. ഇവരുടെ ആരാധനാലയത്തെ 'രാജ്യഹാള്‍' എന്നാണ് വിളിക്കുന്നത്. വീക്ഷാഗോപുരം, ഉണരുക തുടങ്ങിയ മാസികകളും ഇവര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

1905ലാണ് ഈ മത വിഭാഗത്തില്‍പ്പെടുന്നവര്‍ കേരളത്തില്‍ സുവിശേഷ പ്രചാരണത്തിന് എത്തിയത്. 1911ല്‍ ആദ്യകാല പ്രചാരകന്‍ ടി.സി.റസല്‍ തിരുവനന്തപുരം ജില്ലയില്‍ പ്രസംഗിച്ച സ്ഥലമാണ് റസല്‍പുരം എന്നറിയപ്പെടുന്നത്. സംസ്ഥാനത്ത് പതിനയ്യായിരത്തിലേറെ യഹോവയുടെ സാക്ഷികളുണ്ടെന്നാണ് കണക്ക്. ഇവര്‍ ക്രിസ്മസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവ ആഘോഷിക്കാറില്ല. എന്നാല്‍ ക്രിസ്തുവിന്റെ മരണദിനം ഇവര്‍ ആചരിക്കാറുണ്ട്. പൗരാണിക ജൂത കലണ്ടര്‍ പ്രകാരമുള്ള നിസാന്‍ 14 എന്ന തീയതിയിലാണ് ഈ ദിനം ആചരിക്കുന്നത്. ബൈബിളില്‍ ഈ ദിനം മാത്രമാണ് ആചരിക്കണമെന്ന് വിശ്വാസികളോട് നിര്‍ദേശിക്കുന്നതെന്നും യഹോവയുടെ സാക്ഷികള്‍ അവകാശപ്പെടുന്നു.

പരമ്പരാഗത ആരാധനാസമ്പ്രദായങ്ങളോ, പ്രത്യേക സംസാരവിധമോ, ഉപവാസമോ ഒന്നും അവര്‍ നടത്തുന്നില്ല. സാക്ഷികള്‍ തങ്ങളുടെ സഹവിശ്വാസികളെ 'സഹോദരന്‍' അല്ലെങ്കില്‍ 'സഹോദരി' എന്ന് അഭിസംബോധന ചെയ്യുകയും വിശ്വാസികളെ ഒരു കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു. യേശു ദൈവമല്ല എന്ന് വിശ്വസിക്കുന്ന മതവിഭാഗമാണ് യഹോവയുടെ സാക്ഷികള്‍.

യഹോവ മാത്രമാണ് ഏകദൈവം എന്ന് ഇവര്‍ വിശ്വസിക്കുന്നു. യേശു ദൈവമല്ലാത്ത, ദൈവ പുത്രന്‍ മാത്രമാണെന്നും ഏക സത്യദൈവം യഹോവയാണെന്നും ഉള്ള ഇവരുടെ വിശ്വാസത്തോട് ചില വിശ്വാസധാരയിലെ ബൈബിള്‍ പണ്ഡിതന്‍മാരും യോജിക്കുന്നു. 'ലോകത്തിന്റെ മോശമായ സ്വാധീനങ്ങളില്‍' പെട്ടുപോകാതിരിക്കാന്‍ കൂടുതല്‍ ആളുകള്‍ തങ്ങളുടെ വിശ്വാസധാരയിലേക്ക് കടന്നുവരേണ്ടത് പ്രധാനമാണെന്ന് യഹോവയുടെ സാക്ഷികള്‍ കരുതുന്നു.

എല്ലാ ഞായറാഴ്ചകളിലും ഒരു പ്രദേശത്തെ യഹോവയുടെ സാക്ഷികള്‍ ഒരുമിച്ച് യോഗം ചേരാറുണ്ട്. എല്ലാ വര്‍ഷവും നടത്തുന്ന കണ്‍വന്‍ഷനുകളിലും നിരവധി വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്.

യഹോവ സാക്ഷികളുടെ കണ്ണില്‍ സ്വര്‍ഗത്തില്‍ നിന്നും ഭരിക്കുന്ന ഒരു യഥാര്‍ത്ഥ സര്‍ക്കാരാണ് ദൈവരാജ്യം. അല്ലാതെ ക്രിസ്ത്യാനികളുടെ ഹൃദയത്തില്‍ തോന്നുന്ന ഒരു അവസ്ഥയല്ല. മനുഷ്യ സര്‍ക്കാരുകളെയെല്ലാം നീക്കിയശേഷം ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറ്റപ്പെടുമെന്നും ബൈബിള്‍ പ്രവചനം സൂചിപ്പിക്കുന്നതിന് അനുസരിച്ച് നമ്മള്‍ ജീവിക്കുന്നത് അന്ത്യകാലത്ത് ആയതിനാല്‍ ദൈവരാജ്യം എത്രയും പെട്ടെന്ന് ഇക്കാര്യങ്ങളെല്ലാം നടപ്പിലാക്കുമെന്നുമാണ് യഹോവ സാക്ഷികള്‍ പറയുന്നത്. യേശു സ്വര്‍ഗത്തില്‍ നിന്ന് ഭരിക്കുന്ന ദൈവരാജ്യത്തിന്റെ രാജാവാണെന്നും ആ ഭരണം 1914-ല്‍ ആരംഭിച്ചുവെന്നും അവര്‍ വിശ്വസിക്കുന്നു. ഇവരുടെ ആരാധനാലയത്തെ 'രാജ്യഹാള്‍' എന്നാണ് വിളിക്കുന്നത്. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവര്‍ ഉപയോഗിക്കാറില്ല. വീടുതോറുമുള്ള സുവിശേഷ പ്രവര്‍ത്തനം ഇവരുടെ മുഖമുദ്ര ആണ്. വീക്ഷാഗോപുരം, ഉണരുക എന്നീ മാസികകള്‍ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്.