LogoLoginKerala

വരകളിലൂടെ കഥ പറഞ്ഞ അതുല്യപ്രതിഭ; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഓര്‍മ്മകളില്‍

പുരസ്‌കാരത്തിളക്കത്തിലും അംഗീകാര നിറവിലും ഭാവഭേദമില്ലാതെ കര്‍മനിരതനായി അദ്ദേഹം തന്റെ വരകളില്‍ തന്നെ പ്രശസ്തിയാര്‍ജിച്ചിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തോടെ ചിത്രകലയില്‍ നിറഞ്ഞുനിന്ന വരയുടെ ലാളിത്യമാണ് മണ്‍മറയുന്നത്.
 
Artist Namboothiri

രേഖാചിത്രങ്ങള്‍ കൊണ്ട് മലയാളിയുടെ സാഹിത്യലോകത്തിന് പുതിയ തലങ്ങള്‍ സമ്മാനിച്ച അതുല്യ പ്രതിഭ ആര്‍ട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി. വാര്‍ധിക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേയാണ് അന്തരിച്ചത്. തന്റേതായ ശൈലി നല്‍കി വരകള്‍ക്ക് ജീവന്‍ നല്‍കിയ നമ്പൂതിരി എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു.

1925 സെപ്തംബര്‍ 13ന്  പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് ജനിച്ചത്. കെഎം വാസുദേവന്‍ നമ്പൂതിരി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്നും ചിത്രകല പഠിച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരി 1960-ല്‍ മാതൃഭൂമിയില്‍ രേഖാ ചിത്രകാരനായതോടെയാണ് പ്രശസ്തി നേടിയത്. 'നമ്പൂതിരിച്ചിത്രംപോലെ സുന്ദരം' എന്ന ശൈലി തന്നെ മലയാളത്തിലുണ്ട്.

കേരളത്തെയും മലയാള സംസ്‌കാരത്തെയും അതിന്റെ തനിമ നഷ്ടപ്പെടാതെ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കാന്‍വാസില്‍ പകര്‍ത്തിയിരുന്നു. വരയും, ഛായചിത്രവും, ശില്‍പകലയും കലാസംവിധാം എന്നീ മേഖലകളില്‍ അദ്ദേഹം പ്രശോഭിച്ചിരുന്നു. വേറിട്ട ശൈലിയിലെ നമ്പൂതിരിയുടെ സ്ത്രീ വരകള്‍ എന്നും ശ്രദ്ധേയമായിരുന്നു. സാഹിത്യ ലോകത്തെ അതികായന്‍മാരുടെ കൃതികള്‍ക്ക് ചിത്രങ്ങള്‍ വരച്ചതോടെ കൃതികളോളം വരയും പ്രശസ്തമായി. എന്റെ ഭീമനയല്ല, നമ്പൂതിരിയുടെ ഭീമനയാണ് വായനക്കാര്‍ കണ്ടെതെന്ന് രണ്ടാമൂഴത്തിന് നമ്പൂതിരി വരച്ച ചിത്രങ്ങളെക്കുറിച്ച് എംടി വാസുദേവന്‍ നായരും, വരയുടെ പരമശിവനാണെന്ന് വി കെയും പറഞ്ഞത് അദ്ദേഹത്തിന്റെ വരകളുടെ ബഹുമാന സൂചകമായാണ്.

മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ നമ്പൂതിരിയുടെ ആരാധകരാണ്. മോഹന്‍ലാലിന്റെ ആവശ്യപ്രകാരം ശങ്കരാചര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയിന്റിങ് വളരെ പ്രശസ്തമാണ്.തന്റേതായ ശൈലികൊണ്ടും ലാളിത്യം കൊണ്ടും കൈവച്ച മേഖലകളിലൊക്കെ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പ്രഗത്ഭനായിരുന്നു.

കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവര്‍മ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. പുരസ്‌കാരത്തിളക്കത്തിലും അംഗീകാര നിറവിലും ഭാവഭേദമില്ലാതെ കര്‍മനിരതനായി അദ്ദേഹം തന്റെ വരകളില്‍ തന്നെ പ്രശസ്തിയാര്‍ജിച്ചിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തോടെ ചിത്രകലയില്‍ നിറഞ്ഞുനിന്ന വരയുടെ ലാളിത്യമാണ് മണ്‍മറയുന്നത്.