LogoLoginKerala

കോടികളുടെ ഹിജാവു മണിചെയിൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കീഴടങ്ങി ; സൗന്ദരരാജൻ കീഴടങ്ങിയത് ഹൈക്കോടതയിൽ

 
Fraud
ചെന്നൈ : മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ഇരകളാക്കി മണിചെയിൻ മാതൃകയിൽ 360 കോടി രൂപ തട്ടിയ ഹിജാവു മണിചെയിൻ കേസിൽ മുഖ്യപ്രതിയും ഹിജാവു അസോസിയേറ്റ്സ് ചെയർമാനുമായ സൗന്ദരരാജൻ മദ്രാസ് ഹൈക്കോടതിയിലെത്തി കീഴടങ്ങി. തമിഴ്നാട് പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗവും സിബിഐയും തെരച്ചിൽ ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ നെഹ്രുവിനെ അറസ്റ്റു ചെയ്തിരുന്നു. 
നിക്ഷേപത്തുകയ്ക്ക് പ്രതിമാസം 15 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് ഹിജാവു പൊതുജനങ്ങളെ വശീകരിച്ചത്. വിശ്വാസം ഉറപ്പിക്കാന്‍ ആദ്യത്തെ കുറച്ചുമാസം പലിശ നൽകി. എന്നാല്‍, പതുക്കെ ഇതു നിര്‍ത്തി. ആളുകള്‍ പണം ചോദിച്ചപ്പോള്‍ ടോപ്പപ്പായി നിലനിര്‍ത്തുമെന്നും ഇതിനാല്‍ പിന്നീട് കൂടുതല്‍ പണം ലഭിക്കുമെന്നും ധരിപ്പിച്ചു. ഒടുവില്‍ പലിശയും നിക്ഷേപിച്ച ലക്ഷങ്ങളും തിരികെനല്‍കാതെ വഞ്ചിക്കപ്പെട്ടപ്പോഴാണ് ആളുകള്‍ പരാതിയുമായി രംഗത്തെത്തിയത്. 1500 ൽ അധികം പേരിൽ നിന്നാണ് 360 കോടി രൂപ തട്ടിച്ചത്.
                                            ചെന്നൈ കില്‍പ്പോക്ക് കേന്ദ്രമാക്കി രണ്ടു വര്‍ഷം മുമ്പാണ് ഹിജാവു അസോസിയേറ്റ്സ് ആരംഭിക്കുന്നത്. ആഡംബരത്തോടെ നടത്തിയ ഉദ്ഘാടനച്ചടങ്ങുമുതല്‍ ഒട്ടേറെ മലയാളികള്‍ കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതില്‍ കേന്ദ്രസര്‍ക്കാരുദ്യോഗസ്ഥരും പൊലീസുകാരും വരെയുണ്ട്. കമ്പനിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കാനെത്തിയവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഒരു ലക്ഷം രൂപ നിക്ഷേപം കമ്പനിയിലെത്തിച്ചാല്‍ ഇവര്‍ക്ക് ഓരോ മാസവും രണ്ടായിരം രൂപ വീതം നൽകുമെന്നായിരുന്നു വാഗ്ദാനം. ചെന്നൈയിലെ മലയാളി സംഘടനകളെവരെ ചുറ്റിപ്പറ്റി മണി ചെയിന്‍ വ്യാപിച്ചു. പലരും സ്വര്‍ണവും നാട്ടിലെ സ്ഥലവും പണയം വെച്ചും ഹിജാവുവിന്റെ കെണിയില്‍ കുരുങ്ങി. 
സൗന്ദര്‍രാജന്‍, മകന്‍ അലക്‌സാണ്ടര്‍ ഉള്‍പ്പെടെ 21 പേരെയാണ് കേസില്‍ പ്രതികൾ. ഹിജാവു അസോസിയേറ്റ്സ്, ഇതിന്റെ സഹോദര സ്ഥാപനങ്ങളായി എസ്.ജി. അഗ്രോ പ്രോഡക്ട്സ്, അരുവി അഗ്രോ പ്രോഡക്ട്സ്, സായ് ലക്ഷ്മി എന്റര്‍പ്രൈസസ്, റാം അഗ്രോ പ്രോ എന്ന പേരിലും തട്ടിപ്പ് വ്യാപിപ്പിച്ചിരുന്നു. ഇനിയും പരാതി നൽകാത്തവർ നിരവധിയുണ്ടെന്നാണ് പൊലീസ് നിഗമനം. അങ്ങനെയെങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരും.