ശിവശങ്കറില്‍ തീരില്ല, മുഖ്യമന്ത്രി മറുപടി പറയണം, വമ്പന്‍ സ്രാവുകള്‍ പുറത്ത്, സ്വപ്‌നയക്ക് പറയാനുള്ളത്...
ലൈഫ് മിഷന്‍ കോഴ കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് കൊണ്ട് കാര്യങ്ങള്‍ തീരില്ലെന്നും മുഖ്യമന്ത്രി പിണറായിയും, ഭാര്യയും, മകളും, മകനും ഈ ഇടപാടിന്റെ ഭാഗമാണെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ഇതിന്റെ പങ്ക് ഇവരെല്ലാം പറ്റിയിട്ടുണ്ട്. ബിരിയാണി ചെമ്പും, ഡോളര്‍ കടത്തുമെല്ലാം ചര്‍ച്ച ആയതല്ലാതെ അതിലൊന്നും പിന്നീട് അന്വേഷണം ഉണ്ടായിട്ടില്ല. അതു പോലെ ആയിരിക്കില്ല ഇത്.
ലൈഫ് മിഷന്‍ കോഴയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനെ അഞ്ചാം പ്രതിയാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട് ആണ് ഇഡി കണ്ടെത്തിയത്. ഒരുകോടി രൂപ ശിവശങ്കറിന് നല്‍കിയെന്നാണ് സ്വപ്നയുടെ മൊഴി. സരിത്തിനും സന്ദീപിനും നല്‍കിയത് 59 ലക്ഷം രൂപയെന്നും മൊഴിയിലുണ്ട്.
മൂന്നുദിവസത്തെ ചോദ്യംചെയ്യലിനുശേഷം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ തിരുവനന്തപുരം സ്വദേശി യദു കൃഷ്ണനേയും ഇഡി പ്രതി ചേര്‍ത്തു. യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയത് യദു കൃഷ്ണനാണ്.
ലൈഫ്മിഷന്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും ഇ.ഡി.റിപ്പോര്‍ട്ട്. ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെതിരെ തെളിവുണ്ട്. സിബിഐ കേസിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റെന്നും ഇ.ഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശിവശങ്കറിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത ചാറ്റുകളുടേയും മറ്റു ഇടപാടുകളുടേയും രേഖകള്‍ ഉണ്ട്. ഇവ പരിശോധിച്ചാല്‍ ശിവശങ്കറിന് കേസിലുള്ള പങ്ക് വ്യക്തമാകും. ഇത് തെളിയിക്കാന്‍ സാധിക്കുമെന്നും ഇ.ഡി.യുടെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് ശിവശങ്കറിന് മാത്രം അറിയാവുന്ന ചില കാര്യങ്ങളുണ്ട്. ഇതിനായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. പറയുന്നു. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയിലാകും ശിവശങ്കറിനെ ഹാജരാക്കുക.
ചൊവ്വാഴ്ച രാത്രിയോടെയാണ് ശിവശങ്കറിന്റെ അറസ്റ്റ് അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ കേസില്‍ തിങ്കളാഴ്ച ഒമ്പതുമണിക്കൂറാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഉച്ചയോടെയാണ് അറസ്റ്റുചെയ്യാമെന്ന തീരുമാനത്തിലേക്ക് ഇ.ഡി. എത്തിയത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചോദ്യങ്ങളോടൊന്നും പ്രതികരിക്കുന്നില്ലെന്നാണ് ഇ.ഡി.വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ലൈഫ് മിഷന്‍ കേസില്‍ പ്രതിചേര്‍ത്തിട്ടുള്ള യൂണീടാക് ബില്‍ഡേഴ്‌സ് എം.ഡി. സന്തോഷ് ഈപ്പന്‍, നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ മൊഴികളാണ് ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.