ഭക്ഷണം കഴിക്കാതെ തിരക്കുകളില്‍ നിറഞ്ഞപ്പോള്‍ രോഗം പിടിമുറുക്കി; താലിമാലയുമായി രാഹുല്‍ കാത്തിരിക്കുന്നെന്ന് പ്രഖ്യാപനവും; സുബി വിടപറയുന്നത് രാഹുലിന്റെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി

കൊച്ചി: നടിയും അവതാരികയുമായ സുബി സുരേഷ് യാത്രയാകുമ്പോള്‍ നഷ്ടമാകുന്നത് രാഹുലിന് ഒരുമിച്ച് കണ്ട വിവാഹമെന്ന സ്വപ്‌നം. രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സുഹൃത്തുക്കള്‍ കുഴയുകയാണ്. അടുത്തിടെ വിവാഹിതയാകാന്‍ പോകുന്നുവെന്ന് സുബി സുരേഷ് തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. തന്റെ ഒപ്പം വര്‍ഷങ്ങളായിട്ടുള്ള കലാകാരനാണ് അദ്ദേഹമെന്നും സുബി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
പിന്നാലെയാണ് സുബിയുടെ മരണവും എത്തിയത്. കരള്‍ രോഗ ബാധിതയായി ചികിത്സയിലിരുന്ന സുബി ടെലിവിഷന്‍ പരിപാടികളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു, തന്റെ സ്വന്തം വ്‌ളോഗ് വഴി നിരവധി ആരാധകരെ വാരിക്കൂട്ടുകയും സുബി ചെയ്തിരുന്നു. അവസാനമായി വ്‌ളോഗിലൂടെ പോസ്റ്റ് ചെയ്തിരുന്നത് ഗ്രാമങ്ങളിലൂടെയുള്ള സുബിയുടെ സഞ്ചാരമായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതും ഡോക്ടറുടെ നിര്‍ദേശം കേള്‍ക്കാത്തതുമാണ് തന്നെ രോഗക്കിടക്കയിലേക്ക് തള്ളിവിട്ടതെന്ന് സുബി പ്രതികരിച്ചിരുന്നു. ഭക്ഷണം കൃത്യസമയത്ത് കഴിക്കാത്തതും അസുഖം മൂര്‍ച്ഛിക്കാന്‍ കാരണമായി. കരള്‍ മാറ്റ ശസ്ത്രക്രിയയിലെ നൂലാമാലകളുമായി മുന്നോട്ട് പോയെങ്കിലും അവസാന നിമിഷം ക്ഷണിക്കാത്ത അതിഥിയെ പോലെ മരണം കടന്നെത്തുകയും ചെയ്തിരുന്നു.
ഇരുവരേയും അടുപ്പിച്ചത് കലാഭവനിലെ പരിചയം
ഫെബ്രുവരി മാസത്തിലാണ് താന്‍ വിവാഹിതയാകുന്നത് എന്നും വരന്‍ ഏഴു പവന്റെ താലിമാല വാങ്ങി തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും താരം വെളിപ്പെടുത്തിയിരുന്നതാണ് രാഹുല്‍ ഇപ്പോഴും ഓര്‍ക്കുന്നത്. കലാഭവനിലെ പരിചയമായിരുന്നു ഇരുവരേയും അടുപ്പിച്ചത്. കലാഭവന്‍ രാഹുലായിരുന്നു ആ മനുഷ്യന്‍. അപ്രതീക്ഷിതമായി സുബി സുരേഷ് യാത്രയായി. ഇതോടെ ആര്‍ക്കും കലാഭവന്‍ രാഹുലിനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ സുബിക്ക് താങ്ങായി രാഹുലും ഉണ്ടായിരുന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ നിര്‍വികാരനായി നില്‍ക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് വാക്കുകളില്ലായിരുന്നു. ഇതിനിടയില്‍ സുബിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. 'തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. നല്ലൊരു സൗഹൃദമായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. പ്രണയിക്കുവാന്‍ ഒക്കെയുള്ള സമയം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കടന്നു പോയല്ലോ. ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു. ആര്‍ക്കും കുഴപ്പം ഒന്നുമില്ലെങ്കില്‍ ഒരുമിച്ചു പോകാം എന്ന് ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. ഫെബ്രുവരിയില്‍ കല്യാണം കഴിക്കാന്‍ ആണ് തീരുമാനിച്ചിരുന്നത്' രാഹുല്‍ പറയുന്നു.
'25 ദിവസത്തോളമായി ആശുപത്രിയിലാണ്. രണ്ട് പ്രോഗ്രാം കഴിഞ്ഞ് വന്നതിനു ശേഷം അഡ്മിറ്റാവുകയായിരുന്നു. ഒരു കല്ല് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രഷര്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോ മറ്റ് ട്രീറ്റ്‌മെന്റുകളൊന്നും ഏറ്റില്ല' രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ആഹാരം കഴിക്കാന്‍ വലിയ താല്പര്യം ഉള്ള ആളായിരുന്നില്ല സുബി. പരിപാടികള്‍ക്ക് പോകുമ്പോള്‍ ജ്യൂസ് ഒക്കെ കഴിക്കുമെങ്കിലും ആഹാരം നിര്‍ബന്ധിച്ചു കഴിപ്പിക്കേണ്ടി വരുമായിരുന്നു എന്നും രാഹുല്‍ ഓര്‍ത്തു. കുടുംബങ്ങള്‍ തമ്മില്‍ നല്ല സ്നേഹത്തില്‍ ആയിരുന്നു എന്നും രാഹുല്‍ പറഞ്ഞു. അവസാനമായി ഐ സി യുവില്‍ വച്ചാണ് സുബിയോട് സംസാരിച്ചത് എന്നും പറഞ്ഞു.