LogoLoginKerala

മോന്‍സന്റെ പണം പറ്റിയവരില്‍ സഭാപിതാവും സഭാപത്രവും ദൃശ്യമാധ്യമ പ്രവര്‍ത്തകനും

പരാതിക്കാരന്‍ തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് തെളിവ് കൈമാറും
 
monsons vip friends

കൊച്ചി- പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം കൈപ്പറ്റിയ മതമേലധ്യക്ഷനും മാധ്യമസ്ഥാപനവും മാധ്യമപ്രവര്‍ത്തകനും പോലീസുദ്യോഗസ്ഥര്‍ക്കുമെതിരെ തെളിവ് ഹാജരാക്കാന്‍ കേസിലെ പരാതിക്കാര്‍. സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാല്‍ മാര്‍ ആലഞ്ചേരി, സഭാമുഖപത്രമായ ദീപിക, 24 ചാനലിന്റെ മുന്‍ ലേഖകനും ഇപ്പോള്‍ മറ്റൊരു ചാനലിന്റെ മേധാവിയുമായ സഹിന്‍ ആന്റണി, പതിനഞ്ചോളം പോലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മോന്‍സന്റെ എക്കൗണ്ടില്‍ നിന്ന് പണം വാങ്ങിയതിന്റെ തെളിവുകള്‍ പരാതിക്കാരനായ എം ടി ഷമീര്‍ തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറും.

സഭാധ്യക്ഷനും സഭാ പത്രത്തിനും 10 ലക്ഷം വീതം മോന്‍സന്റെ എക്കൗണ്ടില്‍ നിന്ന് നല്‍കിയതിന് തെളിവ് മോന്‍സന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റാണ്. നേരത്തെ എറണാകുളം പ്രസ് ക്ലബുമായി ബന്ധപ്പെട്ട് ഫണ്ട് തിരിമറി ആരോപണത്തിലുള്‍പ്പെട്ട പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തകനും മോന്‍സന്റെ എക്കൗണ്ടില്‍ നിന്ന് 10 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഇന്‍സ്‌പെക്ടര്‍വരെയുള്ളവര്‍ക്കും മോന്‍സണ്‍ പണം നല്‍കിയതിന്റെ തെളിവുകള്‍ നാളെ പോലീസിന് കൈമാറും. പോലീസിന് ഇവര്‍ക്കെതിരായ തെൡവുകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നുവെങ്കിലും നടപടികളൊന്നും സ്വീകരിക്കാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പണം വാങ്ങിയെന്ന് കണ്ടെത്തിയ പോലീസുകാരില്‍ പലരും പോലീസിലെ പ്രധാന തസ്തികകളില്‍ ഇപ്പോഴും തുടരുന്നുണ്ട്.

മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്കെതിരായ തെളിവാണ് ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറുന്ന രേഖകൡ പ്രധാനപ്പെട്ടത്. മോന്‍സന്റെ വീട്ടിലുള്ളത് വിലപിടിപ്പുള്ള പുരാവസ്തുക്കളാണെന്ന് വ്യക്തമാക്കുന്ന ലോക്‌നാഥ് ബെഹ്‌റയുടെ ഒരു കത്താണ് ഇതില്‍ പ്രധാനപ്പെട്ടത്. കേരള പോലീസിന്റെ ലെറ്റര്‍പാഡില്‍ ബഹ്‌റ ഒപ്പിട്ടു നല്‍കിയ ഈ കത്ത് ഉപയോഗിച്ചാണ് വ്യാജ പുരാവസ്തുക്കള്‍ കാണിച്ച് പലരെയും കബളിപ്പിച്ച് പണം തട്ടിയത്. അതുകൊണ്ടു തന്നെ തട്ടിപ്പു കേസില്‍ ബെഹ്‌റക്കെതിരെയും അന്വേഷണം വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഈ കത്ത് ബെഹ്‌റ ഒപ്പിട്ടു നല്‍കിയതാണോ വ്യാജമായി നിര്‍മിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പരാതിക്കാര്‍ പറയുന്നു. അതേസമയം മോന്‍സണില്‍ നിന്നും പണം സ്വീകരിച്ചവരുടെ പട്ടികയില്‍ ബെഹ്‌റ ഉള്‍പ്പെട്ടിട്ടില്ല.

വ്യാജപുരാവസ്തുവിന്റെ പേരില്‍ തങ്ങളില്‍ നിന്ന് തട്ടിയെടുത്ത കോടികള്‍ എവിടേക്കെല്ലാം പോയെന്ന കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യപരാതിക്കാരനായ എം ടി ഷെമീര്‍ പറയുന്നു.