മണിനാദം നിലച്ചിട്ട് ഏഴ് വര്‍ഷങ്ങള്‍; മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടന് സ്മരണാഞ്ജലികള്‍|

മലയാള സിനിമയ ഇഷ്ടപ്പെടുന്നവര്‍, എന്തിനേറെ പറയുന്നു എല്ലാമലയാളികളും തന്നെ ഏറ്റവും കൂടുതല്‍ വേദനിച്ചത് ഒരു കലാകാരന്റെ വേര്‍പാടിലാണ്. അത് മറ്റാരുടേയുമല്ല നാടന്‍പാട്ടുകളും നര്‍മവുമായി മലയാളികളെ രസിപ്പിച്ച സാക്ഷാല്‍ കലാഭവന്‍ മണിയുടെ. ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെ ബാക്കിവച്ച് കാലയവനികയ്ക്കുള്ളില്‍ ആ അതുല്ല്യ കലാകാരന്‍ മറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം തികയുന്നു.
ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യഭാഷകള്‍ക്കും പ്രിയപ്പെട്ടവനായത് ചുരുങ്ങിയ കാലംകൊണ്ടായിരുന്നു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയെയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. ദാരിദ്ര്യത്തിന്റെ ദിനങ്ങളില്‍നിന്ന് ആരാധകമനസ്സിന്റെ സ്നേഹ സമ്പന്നതയിലേക്കാണ് മണിയെന്ന അതുല്യ പ്രതിഭ നടന്നുകയറിയത്.
ചാലക്കുടി ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കുന്ന സമയത്താണ് അദ്ദേഹം കലാഭവന്‍ മിമിക്‌സ് ഗ്രൂപ്പില്‍ ചേരുന്നത്. അവിടെ നിന്നായിരുന്നു എല്ലാ വിജയങ്ങളുടെയും തുടക്കം. നാടന്‍ പാട്ടുകള്‍ക്ക് പ്രത്യേക ഭംഗി നല്‍കിയ കലാകാരന്‍ കൂടിയായിരുന്നു കലാഭവന്‍ മണി. മണിയുടെ ചിരിക്കും പ്രത്യേകം ആരാധകര്‍ ഉണ്ടായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മണിയുടെ അന്ത്യം. ഇന്ന് മണിയുടെ ഓര്‍മ്മകള്‍ക്ക് ഏഴ് വയസ്സ് പൂര്‍ത്തിയാവുകയാണ്. 2016 മാര്‍ച്ച് 6നായിരുന്നു മണിയുടെ അപ്രതീക്ഷിത വിയോഗം.
സിനിമ ലോകവും മലയാളികളും ഒന്നടങ്കം ഞെട്ടിയ ദിവസമായിരുന്നു അന്ന്. ഇന്നും ആ നടുക്കത്തില്‍ നിന്ന് മോചനം ലഭിക്കാത്ത ആളുകളുണ്ട്. സിനിമാതാരമായപ്പോഴും മണ്ണില്‍ ചവിട്ടി നിന്ന് ജീവിച്ച മനുഷ്യനായിരുന്നു കലാഭവന്‍ മണി. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലെ ചെത്തുകാരന്‍ കഥാപാത്രമായിരുന്നു അദ്ദേഹത്തെ ഏറെ ശ്രദ്ദേയനാക്കിയത്. പിന്നീട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം ദേശീയ അവാര്‍ഡിന് അരികെ വരെ എത്തി. കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസ നേടിക്കൊടുത്തു.തുടര്‍ന്ന് നായകനടനായി അരങ്ങേറ്റം. ഒരുപാട് അവസരങ്ങള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ ലഭിച്ചു. സൂപ്പര്‍സ്റ്റാറുകളുടെ വില്ലനായി തമിഴില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച നടന്മാരില്‍ ഒരാളായിരുന്നു കലാഭവന്‍ മണി.
തെലുഗ്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമ. ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും പല പല പകര്‍ന്നാട്ടങ്ങള്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയര്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ മണിയെ തേടിയെത്തി. 2016 മാര്‍ച്ച് ആറിന് അപ്രതീക്ഷിതമായാണ് മണി ജീവിത തിരശ്ശീല താഴ്ത്തി രംഗമൊഴിഞ്ഞത്.