LogoLoginKerala

ഏലമലകാട്ടിലെ ജൈവ പരീക്ഷണങ്ങളുടെ വലിയ പേരാണ് സതീഷ്

 
farmer

ലോകത്തിലെ സര്‍വ്വ രാജ്യക്കാരും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പായ്ക്കപ്പലിലും അല്ലാത്ത കപ്പലിലുമൊക്കെ നേരെ വച്ചു പിടിച്ചു വന്ന പ്രധാന ഇടമാണ് ഇന്ത്യയുടെ പശ്ചിമഘട്ടം
ഇവിടത്തെ . ഏലവും കുരുമുളകും തേടിയുള്ള അവരുടെ ആ യാത്രകള്‍ ഈ നാടിന്റെ വ്യാപാര മേഖലയുടെ പേരും പെരുമയും വളര്‍ത്തിയെന്നത് മറ്റൊരു ചരിത്രം.

നമ്മുടെ  കാടുകളില്‍ വളര്‍ന്നിരുന്ന മണവും ഗുണവുമൊക്കെയുള്ള ഏലത്തിനായിരുന്നു എക്കാലവും പ്രിയം. ഏലത്തിന്റെ കാര്യത്തിലുള്ള ആ പഴയ അംഗികാരം  ഇന്നും ഈ നാടിനുണ്ട്.
കേന്ദ്രം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഏലം ഗവേഷണകേന്ദ്രങ്ങള്‍ സ്ഥാപിച്ചു നമ്മള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിവരുന്നുമുണ്ട്. ഇതൊക്കെ ഏലത്തിന്റെ പൊതുവായ സ്ഥിതിവിവരങ്ങള്‍.

എന്നാല്‍ ജൈവകൃഷി അടിസ്ഥാനത്തില്‍ ഏലത്തിന്റെ 14 പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തു മാതൃകയായ ഒരു സാധാരണക്കാരനായ കര്‍ഷകന്‍ ഇവിടെ ഇടുക്കിയിലുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന മാടുപ്പെട്ടി എന്ന സ്ഥലത്തെ എരുമതുരുത്തിയില്‍ സതീഷ് എന്ന കര്‍ഷകനാണ് ഉയരം കുറഞ്ഞതും രോഗ പ്രതിരോധം കൂടുതല്‍ ഉള്ളതുമായ എരുമതുരുത്തിയില്‍ എന്ന പേരു നല്‍കിയ പുതിയ ഇനം ഏലം ഉത്പാദിപ്പിച്ചു ഈ രംഗത്തു വലിയ സംഭാവന നല്‍കിയത്.

ഈ കണ്ടുപിടുത്തം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ് അതോറിറ്റി അംഗീകരിച്ചത് നേട്ടമായി. കൂടാതെ ഉത്തര്‍പ്രദേശിലെ നാഷണല്‍ ബ്യുറോ ഓഫ് പ്ലാന്റ് ജനറ്റിക്‌സ് റിസോഴ്‌സസ് ജനിതക വിഭവശേഷിയുള്ള ചെടികളുടെ കൂട്ടത്തില്‍ എരുമതുരുത്തിയില്‍ ഏലവും പ്രദര്‍ശിപ്പിച്ചിരുന്നു. ഏലം മേഖലയില്‍ സതീഷ് നടത്തിയ കണ്ടുപിടുത്തങ്ങള്‍ ഏറെ ഗുണകരമാണെന്ന് കേന്ദ്ര ഏലം ഗവേഷണ കേന്ദ്രവും സമ്മതിക്കുന്നുണ്ട്.