ആ തുറന്നു പറച്ചിലില്‍ കാരുണ്യക്കടലൊഴുകി, തങ്കമ്മയും കുടുംബവും ഇനി ആത്മഹത്യ ചെയ്യില്ല

വ്യവഹാരത്തില്‍ വീടും കുടുംബവും നഷ്ടപ്പെടുന്നതിന്റെ ആധി താങ്ങാനാകാതെ ആത്മഹത്യയെക്കുറിച്ച് ആലോചിച്ച തങ്കമ്മ, തന്റെ സങ്കടങ്ങള്‍ പ്രൊഫ. രതീദേവിയോട് പങ്കുവെച്ച ആ മുഹൂര്‍ത്തത്തോട് ഇപ്പോള്‍ നന്ദി പറയുകയാണ്. ആരോടും പറയാതെ ഉള്ളിലൊതുക്കിയിരുന്നുവെങ്കില്‍ സാമ്പത്തിക പ്രാരാബ്ധങ്ങള്‍ മൂലം മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത വാര്‍ത്തയായി തങ്കമ്മയുടെ പേര് നമുക്ക് മുന്നിലെത്തുമായിരുന്നു. ഭര്‍ത്താവിനും മകനും വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്യുകയല്ലാതെ വേറൊരു വഴിയുമില്ലെന്ന് ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ വീട്ടമ്മയോടുള്ള തങ്കമ്മയുടെ സങ്കടം പറച്ചിലാണ് ആത്മഹത്യയുടെ മുനമ്പില്‍ നിന്നും തലനാരിഴയ്ക്ക് തങ്കമ്മയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്. ഇങ്ങനെ മനസ്സു തുറന്ന് സങ്കടം പങ്കുവെച്ചാല്‍ ഒഴിഞ്ഞു പോകുന്ന ദുരന്തങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട് നമ്മുടെ കണ്‍മുന്നില്‍. അത്തരമൊരനുഭവമാണ് തങ്കമ്മയുടേത്.
മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ഭര്‍ത്താവിന്റെയും മകന്റെയും ചികിത്സക്ക് വേണ്ടി കഠിനമായ നടു വേദന വകവെക്കാതെ പല വീടുകളിലായി വീട്ടുജോലി ചെയ്യുന്ന തങ്കമ്മക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു കാരിക്കാമുറിയില്‍ ഇപ്പോള്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ കുടുബ വീട്ടില്‍ ഓഹരി ആവശ്യപ്പെട്ടു കൊണ്ടുള്ള കോടതി വ്യവഹാരം. കോടതി വിധി അടുത്തു കൊണ്ടിരുന്ന വേളയിലാണ് ഹൃദയം തകര്‍ന്ന തങ്കമ്മ താന്‍ ജോലി ചെയ്യുന്ന വീട്ടിലെ പ്രൊഫ രതി മേനോനോട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന തന്റെ സങ്കടം പറഞ്ഞത്. അത് കേട്ട രതി മേനോന്‍ സഹതാപം പ്രകടിപ്പിക്കുന്നതിന് പകരം നിശ്ശബ്ദമായ ഒരു കാരുണ്യ വിപ്ലവത്തിന് തുടക്കമിടുകയായിരുന്നു. ഒരു കാലത്ത് സാനുമാഷിന്റെ വീട്ടിലും തങ്കമ്മ ജോലിക്ക് നിന്നിരുന്നത് ഓര്‍ത്തെടുത്ത രതി മേനോന്‍ ഈ യജ്ഞത്തില്‍ സാനുമാഷിനെ കണ്ണി ചേര്‍ത്തു. കൂടാതെ അടുത്ത് പരിചയമുള്ള ലീലാവതി ടീച്ചറെയും. വാര്‍ത്തയറിഞ്ഞ എം.എല്‍ എയും കൗണ്‍സിലറും കൈകോര്‍ത്തു. പിന്നീട് നടന്നത് കാരുണ്യക്കടലിന്റെ വേലിയേറ്റമായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കോടതി വിധി വരുന്നതിന്റെ തൊട്ടു തലേന്ന് അവകാശികള്‍ക്ക് നല്‍കാനുള്ള ഓഹരിത്തുകയായ പതിനെട്ട് ലക്ഷം രൂപയോളം സമാഹരിക്കാന്‍ രതി മേനോന് കഴിഞ്ഞു. വീടിന്റെ ആധാരം തങ്കമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് അതിന്റെ രേഖ സുമനസ്സുകളുടെ യോഗത്തില്‍ വെച്ച് തങ്കമ്മക്ക് നല്‍കിയത് സാക്ഷാല്‍ സാനുമാഷ്.
തങ്കമ്മയെ തുടര്‍ന്നും സഹായിക്കുന്നതിനും അവര്‍ക്കൊരു സ്ഥിര വരുമാനമുണ്ടാക്കുന്നതിനുള്ള പദ്ധതികളുടെ പണിപ്പുരയിലാണിപ്പോള്‍ രതി മേനോന്‍.