LogoLoginKerala

മതവും വംശീയതയും ചേര്‍ന്ന് മരണതാണ്ഡവമാടുന്ന മണിപ്പൂര്‍

 
manipur riot

തവും വംശീയതയും കൂടിക്കുഴഞ്ഞു കിടക്കുന്നതാണ് മണിപ്പൂരിന്റെ സാമൂഹ്യഭൂമിക. അവിടെ സംവരണ വിവാദത്തിന്റെ നെരിപ്പോട് വീണ് ആളിപ്പടര്‍ന്ന അക്രമങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് വംശീയ കലാപത്തിലേക്കും ഉന്‍മൂലനത്തിലേക്കും വരെ നീങ്ങുകയാണ്. 60 ഓളം പേര്‍ ഇതുവരെ കലാപങ്ങളില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയായി. ആയിരങ്ങള്‍ അഭയാര്‍ഥികളെ പോലെ പലായനം ചെയ്യുന്നു. മണിപ്പൂരിന്റെ ഭാവി ഇന്ത്യക്ക് മുന്നില്‍ വലിയൊരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.

ഇവിടുത്തേ പ്രശ്‌നം ബി ജെ പിയും കോണ്‍ഗ്രസ്സും തമ്മിലോ ഹിന്ദുവും ക്രിസ്ത്യാനിയും തമ്മിലോ അല്ല. ആഴത്തില്‍ വേരുറച്ചിരിക്കുന്ന വംശീയതയും പട്ടിക വര്‍ഗ സംവരണത്തര്‍ക്കവുണ് അടിസ്ഥാന പ്രശ്‌നം.
കാലങ്ങള്‍ക്കു മുമ്പ് ബര്‍മയില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും മണിപ്പൂരിലേക്ക് കുടിയേറിയ കുക്കിവംശജര്‍. മണിപ്പൂരിലെ തദ്ദേശവാസികളായ മൈത്തി വംശജര്‍. മലമടക്കുകളില്‍ അതിജീവനം നടത്തിയിരുന്ന നാഗാവംശജര്‍. മണിപ്പൂരിലെ പ്രബല വിഭാഗങ്ങളാണിവര്‍. മൂന്നു വിഭാഗത്തിലും കൃസ്ത്യാനികളും ഹിന്ദുക്കളുമുണ്ട്. എങ്കിലും മൈത്തി വംശജരില്‍ ഏറെയും ഹിന്ദുക്കളാണ്. മതവും വംശീയതയും ചേര്‍ന്ന മാരകമായ ഈ കോമ്പിനേഷനാണ് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ ഇത്രയും സങ്കീര്‍ണമാക്കുന്നത്.

manipur

അസം, നാഗാലാന്‍ഡ്, മിസോറാം, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് മണിപ്പൂരിന്റെ അതിര്‍ത്തി. മണിപ്പൂരിന്റെ ഭൂരിഭാഗവും കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മധ്യഭാഗത്ത് ഫലഭൂയിഷ്ഠമായ, സോസര്‍ ആകൃതിയിലുള്ള താഴ്വരയുണ്ട്. വിവിധ ഗോത്രക്കാര്‍ താമസിക്കുന്ന 10 മലയോര ജില്ലകളുണ്ട്. സംസ്ഥാനത്തെ 28 ലക്ഷം ജനങ്ങളില്‍ ഏകദേശം 40 ശതമാനം മലനിരകളിലാണ് താമസിക്കുന്നത്. മെയ്ത്തി പംഗല്‍ (മുസ്ലിം) ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്ത്തി സമുദായം താമസിക്കുന്നത് ചെറുതും എന്നാല്‍ ജനസാന്ദ്രതയുള്ളതുമായ താഴ്വരയിലാണ്. മെയ്ത്തി രാജാക്കന്മാരുടെ കാലത്തെ ശക്തി കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന പ്രദേശമാണത്.

കുടിയേറി വന്ന കുക്കി വംശജര്‍ അവരുടെ ആവാസ ഭൂമിയായ മണിപ്പൂരിലെ മലനിരകളില്‍ കൃഷിയും കച്ചവടവും നടത്തി വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലെത്തി. ബര്‍മയില്‍ നിന്നുള്ള സ്വര്‍ണ കടത്തും, കഞ്ചാവ്
മാഫിയകളുടെ കടന്നുവരവും അവരുടെ സാമ്പത്തിക വളര്‍ച്ചക്ക് കാരണമായി. കുക്കികള്‍ക്കും നാഗാ വംശജര്‍ക്കും നേരത്തെ തന്നെ പട്ടിക വര്‍ഗ പദവി ലഭിച്ചു. എല്ലാ മേഖലകളിലും കുക്കി-നാഗാ വിഭാഗങ്ങള്‍ പ്രബലരായി മാറി. എന്നാല്‍ പരമ്പരാഗത കൈത്തൊഴിലുകളും കൃഷിയും ശീലമാക്കിയിരുന്ന മെയ്ത്തി വിഭാഗത്തിന്റെ വളര്‍ച്ച താരതമ്യേന പിന്നിലാണ്.

സംസ്ഥാനത്ത് 34 അംഗീകൃത പട്ടികവര്‍ഗങ്ങളുണ്ട്, പൊതുവെ നാഗ, കുക്കിച്ചിന്‍ അല്ലെങ്കില്‍ കുക്കി ഗോത്ര വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഏഴ് മുതല്‍ ഒമ്പത് വരെ ജില്ലകളുണ്ട്. 2016-ല്‍ ജില്ലകള്‍ വിഭജിക്കപ്പെട്ടു. പുതിയ ജില്ലകള്‍ തങ്ങളുടെ ആദിമഭൂമി കയ്യേറുമെന്ന് ആദിവാസി വിഭാഗങ്ങള്‍ ആരോപിച്ചു. ഈ പ്രതിഷേധം വലിയതോതില്‍ പുറത്തേക്ക് വന്നില്ല.

manipur

മണിപ്പൂരിലെ ഷെഡ്യൂള്‍ഡ് ട്രൈബ് ഡിമാന്‍ഡ് കമ്മറ്റി (എസ്ടിഡിസിഎം) 2013 മുതല്‍ മെയ്തികളെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും സ്വദേശികളല്ലാത്ത കുടിയേറ്റക്കാരും ഭീഷണിപ്പെടുത്തുന്ന മെയ്ത്തി ജനതയുടെ പൂര്‍വ്വികരുടെ ഭൂമി, സംസ്‌കാരം, വ്യക്തിത്വം എന്നിവ സംരക്ഷിക്കുന്നതിനാണ് പട്ടികവര്‍ഗ പദവി ആവശ്യപ്പെടുന്നതെന്ന് മെയ്ത്തികള്‍ പറയുന്നു. ആ നീക്കത്തെ കുക്കികളും നാഗാ വംശജരുമായ പട്ടികവര്‍ഗ വിഭാഗങ്ങള്‍ എതിര്‍ത്തു.

മെയ്ത്തി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി അവര്‍ക്കു കൂടി സംവരണം നല്കുവാനുള്ള തീരുമാനമാണ് പ്രശ്‌നങ്ങള്‍ ഒരു പൊട്ടിത്തെറിയിലേക്ക് എത്തിച്ചത്. തുടക്കത്തില്‍ പുറമേക്ക് പ്രതിഷേധങ്ങളൊന്നുമുണ്ടായില്ലെങ്കിലും സൗഹാര്‍ദത്തില്‍ കഴിഞ്ഞിരിന്ന മെയ്ത്തി - കുക്കി-നാഗാ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ അവസരം കാത്തിരിന്ന ഛിദ്രശക്തികള്‍ അവസരം ആയുധമാക്കി. മെയ്ത്തി വിഭാഗങ്ങള്‍ക്ക് സംവരണം നല്കിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പലതും നഷ്ടമാകുമെന്നുള്ള കുപ്രചരണം ചലനങ്ങളുണ്ടാക്കി. എന്നാല്‍, ക്രിസ്താനികള്‍ കൂടുതലുള്ള നാഗാവിഭാഗം സംയമനം പാലിച്ചു.

2023 മാര്‍ച്ചില്‍ മെയ്തിയെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ രേഖകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതോടെ അതുവരെ അടക്കിപ്പിടിച്ച കുക്കികളുടെയും നാഗന്‍മാരുടെയും രോഷം അണപൊട്ടി. മണിപ്പൂരിലെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മെയ് 2 ന് മണിപ്പൂരിലെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍  മെയിറ്റികളുടെ ആവശ്യത്തെ എതിര്‍ക്കുകയും മെയ് 3 ന് നിരവധി മലയോര ജില്ലകളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. അതോടെ ഏറ്റുമുട്ടലുകള്‍ക്കും അക്രമപരമ്പരകള്‍ക്കും തുടക്കമായി. തുടര്‍ന്നിങ്ങോട്ട് മൈത്തി വിഭാഗങ്ങള്‍ ഒരുവശത്തും കുക്കി നാഗ വംശജര്‍ മറുവശത്തുമായി മണിപ്പൂരില്‍ അക്രമങ്ങള്‍ അണപൊട്ടി. ആഴ്ചകള്‍ കൊണ്ട് അതൊരു വംശീയ കലാപമായി വളര്‍ന്നു. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മല പ്രദേശങ്ങളില്‍ കുക്കികള്‍ മൈത്തികളുടെ ഭവനങ്ങള്‍ കത്തിക്കുന്നു. കൊള്ളയടിക്കുന്നു. സമതലത്തില്‍ അധിവസിക്കുന്ന മൈത്തീകള്‍ തിരിച്ചടിക്കുന്നു. കുക്കികളുടെ ഭവനങ്ങള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നു.

manipur

പരക്കെ പ്രചരിക്കുന്നതു പോലെ ക്രിസ്താനികള്‍ക്കെതിരെയുള്ള ബി ജെ പി അജണ്ടയല്ല മണിപ്പൂരില്‍ നടപ്പാകുന്നത്. ഇരു വിഭാഗത്തും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുണ്ട്. അവര്‍ കൈകോര്‍ത്താണ് എതിര്‍വിഭാഗത്തെ നേരിടുന്നത്. എന്നാല്‍ കുക്കികളിലും നാഗന്‍മാരിലും ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ക്രിസ്ത്യാനികള് ന്യൂനപക്ഷമായ മൈത്തികള്‍ക്കിടയില്‍ അന്തസംഘര്‍ഷങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇതിന്റെ ഫലമായി മൈത്തികളിലെ ക്രിസ്ത്യാനികളും പലയിടത്തും ആക്രമണം നേരിടുന്നുണ്ട്. മെയ്ത്തി വംശത്തില്‍ മുസ്ലീങ്ങളും ഗണ്യമായ ഒരു വിഭാഗമാണ്.

ആരും മണിപ്പൂരിന് പുറത്തേക്ക് പാലായനം ചെയ്യുന്നില്ല. സമതലത്തിലുള്ള കുക്കികള്‍ മലമ്പ്രദേശങ്ങളിലേക്കും, മലമ്പ്രദേശത്തുള്ള മൈത്തികള്‍ സമതലത്തിലേക്കും. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നിന്ന് ഇതര വിഭാഗത്തേ ആട്ടിപ്പായിക്കാനുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. തങ്ങള്‍ മാത്രമായാല്‍ സുരക്ഷിതരായിരിക്കുമെന്നുള്ള വിശ്വാസം. ഭവനങ്ങള്‍ കത്തിച്ച്, സ്വത്തു വകകള്‍ കൊള്ളയടിച്ച്, സ്ഥാപനങ്ങള്‍ തകര്‍ത്ത് തുടര്‍ന്നവിടെ തുടരാന്‍ പറ്റാത്ത രീതിയില്‍ ആവാസവ്യവസ്ഥ തകര്‍ക്കുക. അതാണ് തന്ത്രം. മണിപ്പൂരിനെ ഇത് വംശീയമായി വിഭജിക്കുകയാണ്. വീടില്ലാതായവരും കൃഷിഭൂമി നഷ്ടപ്പെട്ടവരും സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടവരും ഇനിയേത് സ്‌കൂളിലേക്ക് പോകുമെന്നറിയാത്ത പകച്ചു നില്ക്കുന്ന കുട്ടികളുമെല്ലാം എങ്ങോട്ട് പോകണമെന്നറിയാതെ അഭയാര്‍ഥി ക്യാമ്പില്‍ തളര്‍ന്നിരിക്കുന്നു. കുക്കികള്‍ക്ക് ഒരു ക്യാമ്പ്. മൈത്തികള്‍ക്ക് വേറേ ക്യാമ്പ്. ഇവരുടെ സുരക്ഷയ്ക്കായ് കാവല്‍ നില്ക്കുന്ന പട്ടാളക്കാര്‍. ഇതാണ് ഇന്നത്തെ മണിപ്പൂരിന്റെ ചിത്രം.

manipur