ലോകേഷ് ചിത്രത്തോടെ സിനിമ വിടും? രജനീകാന്തിനെ കാത്ത് ഗവര്‍ണര്‍ പദവി
Tue, 23 May 2023

ചെന്നൈ- ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തന്റെ 171-ാം ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ നിന്നും വിരമിക്കാന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉന്നത ഭരണഘടനാ പദവി നല്‍കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. സിനിമയില്‍ നിന്നും വിരമിച്ചാല്‍ സ്വാഭാവികമായും അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാനുള്ള സാധ്യത മുന്നിലുണ്ടെങ്കിലും ഒരിക്കല്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി കൈപൊള്ളിയതിനാല്‍ അദ്ദേഹം ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ്. അതിന് പകരം രജനീകാന്തിനെ തമിഴ്‌നാട് ഗവര്‍ണറാക്കി ബി ജെ പി പുതിയൊരു കരുനീക്കം നടത്താന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
രജനീകാന്തിനെ ഗവര്‍ണറാക്കി തമിഴ്‌നാട്ടില്‍ ബി ജെ പി തങ്ങളുടെ കരുത്തു കൂട്ടാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ ഒരു വര്‍ഷം മുമ്പേ തന്നെ അന്തരീക്ഷത്തിലുണ്ട്. എന്നാല്‍ സിനിമയില്‍ നിന്നും വരമിക്കാതെ ഇത്തരമൊരു പദവി ഏറ്റെടുക്കാന്‍ രജനീകാന്ത് തയ്യാറായില്ല. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായ രജനീകാന്തിനെ കാത്ത് നിരവധി പ്രോജക്ടുകള്‍ അണിയറയിലുള്ളതിനാല്‍ അത്തരമൊരു സാഹസം വേണ്ടെന്ന ഉപദേശമാണ് അദ്ദേഹത്തിന് രാഷ്ട്രീയരംഗത്തെ അഭ്യുദയകാംക്ഷികളില്‍ നിന്ന് ലഭിച്ചത്.
ഇപ്പോള്‍ രജനീകാന്ത് വിരമിക്കുകയാണെന്ന് പ്രമുഖ തമിഴ് ചലചിത്ര നിര്‍മാതാവ് മിഷ്‌കിന്‍ ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതോടെയാണ് വീണ്ടും ഗവര്‍ണര്‍ പദവി ചര്‍ച്ചയിലേക്ക് വന്നിരിക്കുന്നത്. നിലവില്‍ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ രജനി അഭിയിക്കുമെന്നും അഞ്ച് പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന രജനിയുടെ കരിയറിലെ അവസാന ചിത്രമായിരിക്കും 'തലൈവര്‍ 171' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രമെന്നും മിഷ്‌കിന്‍ പറഞ്ഞു. രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം 'ജയിലര്‍' ഓഗസ്റ്റ് 10 ന് സ്‌ക്രീനില്‍ എത്തുകയാണ്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന 'ലാല്‍ സലാം' എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത് 'ലാല്‍ സലാം' സിനിമയുടെ സെറ്റില്‍ ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവിനൊപ്പം നില്‍ക്കുന്ന ചിത്രം രജിനി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ലോകേഷ് കനകരാജ് വിജയിനെ നായകനാക്കി 'ലിയോ' എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്. മിഷ്‌കിനും ഈ സിനിമയുടെ ഭാഗമാണ്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രജനീകാന്ത് ഈ ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും വിരമിക്കുമെന്ന് മിഷ്കിൻ പ്രഖ്യാപിച്ചത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാന്‍ കഴിയാതെ വിഷമിക്കുന്ന ബി ജെ പി വളരെ കാലമായി രജനീകാന്തിന് പിന്നാലെയുണ്ട്. 2017-2021 കാലഘട്ടത്തില്‍ രജനീകാന്ത് രജനി മക്കള്‍ മണ്‍ട്രം രൂപീകരിച്ച് രാഷ്ട്രീയ പ്രവേശം നടത്തിയതാണ്. 2017 ഡിസംബര്‍ 31 ന് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച അദ്ദേഹം 2021 ജൂലൈ 12 ന് പാര്‍ട്ടി പിരിച്ചുവിട്ടു. പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്ന് അദ്ദേഹം വളരെ വേഗം തിരിച്ചറിഞ്ഞു. ബി ജെ പിയുമായി ചേര്‍ന്നു പോകുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് തമിഴ്ജനത നിരാകരിക്കുകയായിരുന്നു.
ഇത്തരം രാഷ്ട്രീയ ബാധ്യതകളൊന്നുമില്ലാത്ത ഗവര്‍ണര്‍ പദവിയോട് അദ്ദേഹം ഇതുവരെ നോ പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ രജനീകാന്ത് സന്ദര്‍ശിച്ചത് വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു.