LogoLoginKerala

വിട വാങ്ങിയത് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്; ഉമ്മന്‍ചാണ്ടി ഇനി ഓര്‍മ്മകളില്‍

 
Oommen Chandy

ആള്‍ക്കൂട്ടം ഇല്ലെങ്കില്‍ ഞാനില്ല എന്ന് പറഞ്ഞ നേതാവ്. സദാ സമയവും ആള്‍ക്കൂട്ടത്തിനു നടുവില്‍ ജീവിച്ച ഒരാള്‍. കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖം, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ജനനായകന്‍, മുഖ്യമന്ത്രി ആയ ഏഴു വര്‍ഷവും സാധാരണക്കാര്‍ക്ക് താങ്ങും തണലായി വിശ്രമമില്ലാതെ കര്‍മ്മനിരതനായ നേതാവ്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ എന്നും ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കൊപ്പമായിരുന്നു. കോണ്‍ഗ്രസിന്റെ മാത്രമല്ല എതിരാളികള്‍ക്കു പോലും അദ്ദേഹം അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു.

എന്നും നിറഞ്ഞൊരു പുഞ്ചിരിയോടെ മാത്രമേ ഉമ്മന്‍ ചാണ്ടിയെ മലയാളികള്‍ കണ്ടിരുന്നുള്ളൂ. വിവാദങ്ങളിലും ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടാതെ പ്രതിസന്ധികളില്‍ തളാരാതെ അദ്ദേഹം ഉറച്ചു നിന്നു. വലിപ്പചെറുപ്പമില്ലാതെ ഏതൊരു പ്രവര്‍ത്തകനെയും അദ്ദേഹം ചേര്‍ത്തു പിടിച്ചു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടെത്തി പരിഹരിക്കാന്‍ സംസ്ഥാനത്ത് ജനസമ്പര്‍ക്ക പരിപാടി കൊണ്ടു വന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഇടതടവില്ലാതെ മണിക്കൂറുകളോളം അദ്ദേഹം ജനങ്ങളുമായി ഇടപെട്ടു, പ്രശ്‌ന പരിഹാരങ്ങള്‍ കണ്ടു. പതിനാല് ജില്ലകളിലും അദ്ദേഹം സഞ്ചരിച്ചു.  അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ മികച്ച ഒരേടയിരുന്നു അത്. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ നാളുകളായിരുന്നു ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്രി ആയ ദുവസങ്ങളൊക്കെയും. പ്രായോഗിക രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നും എപ്പോഴും ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും പരിഹരിക്കാനും അദ്ദേഹത്തിനുള്ള കഴിവ് പ്രശംസനീയമാണ്. ജനങ്ങള്‍ക്ക് വേണ്ടി ചിന്തിച്ച്, അവര്‍ക്കിടയില്‍ ജീവിച്ച തേഉമ്മന്‍ ചാണ്ടിയുടെ ജനനം.

പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പഠന കാലഘട്ടം മുതലേ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നു. പിന്നീട് കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിലെ നേതാവിനെ വാര്‍ത്തെടുക്കുകയായിരുന്നു. കെ.എസ്.യുവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1970 മുതല്‍ തുടങ്ങിയ തെരെഞ്ഞടുപ്പ് പോരാട്ടം 2021 വരെ തുടര്‍ന്നിരുന്നു. 1967ല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായും 1970ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. തന്റെ മുപ്പത്തിനാലാം വയസിലാണ് ഉമ്മന്‍ ചാണ്ടി മന്ത്രി പദത്തിലെത്തുന്നത്.

1977 ല്‍ ആദ്യ കരുണാകന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി.  82 ല്‍ ആഭ്യന്തരമന്ത്രിയും 91 ല്‍ ധനമന്ത്രിയുമായി. 1982 മുതല്‍ 86 വരെയും 2001 മുതല്‍ 2004 വരെയും യുഡിഎഫ് കണ്‍വീനറായിരുന്നു. 2004 മുതല്‍ 2006 വരെയും, 2006 മുതല്‍-2011 വരെയും രണ്ട് തവണയായി ഏഴു വര്‍ഷം കേരളത്തിന്റെ മുഖ്യ മന്ത്രിയായി ചുമതലയേറ്റു. അതിവേഗം ബഹുദൂരം എന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുദ്രാവാക്യം. മുഖ്യമന്ത്രി പദത്തിലെത്തിയപ്പോള്‍ വിവാദങ്ങളും പ്രതിഷേധങ്ങളും സന്തത സഹചാരിയായിരുന്നെങ്കിലും എല്ലാത്തിനോടും സൗമ്യമായി പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

 11 തവണ പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി അദ്ദേഹം ജയിച്ചു. കേരള രാഷ്ട്രീയം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു. രാഷ്ട്രീയമായ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാവരോടുമുള്ള സൗമ്യമായ പെരുമാറ്റം മറ്റ് നേതാക്കളില്‍ നിന്നും അദ്ദേഹത്തിനെ വ്യത്യസ്തമാക്കും. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ തന്റെ പേര് വലിച്ചിട്ടപ്പോഴും അടിപതറാതെ സത്യത്തില്‍ അടിയുറച്ച നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേത്.  

പുതുപ്പള്ളി മണ്ഡലത്തില്‍ 53 വര്‍ഷം നിയമസഭയെ പ്രതിനിധീകരിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടി. കേരള രാഷ്ട്രീയത്തിലെ പ്രധാന വ്യക്തികളില്‍ ഇടം നേടിയപ്പോഴും ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്കാര്‍ക്ക് സ്വന്തം കുഞ്ഞൂഞ്ഞായിരുന്നു.

ഇന്ന് പുലര്‍ച്ചെ 4.5 മണിയോടെയാണ് ഉമ്മന്‍ ചാണ്ടി വിടപറഞ്ഞത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരിക്കവേയാണ് അന്ത്യം. മകന്‍ ചാണ്ടി ഉമ്മനാണ് അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്തും ശേഷം ജന്മനാട്ടിലും പൊതുദര്‍ശനത്തിനു ശേഷം ഒരു തവണകൂടി കാരോട്ട് വള്ളക്കാലിലെ വീട്ടിലേക്ക് അദ്ദേഹത്തിനെ കൊണ്ടു വരും. പിന്നീട് പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ ജീവിച്ച് തിരികെ വരാതെയുള്ള മടക്കം. ഉമ്മന്‍ ചാണ്ടി വിടവാങ്ങുമ്പോള്‍ രാഷ്ട്രീയ കേരളത്തിന് നഷ്ടമാവുന്നത് ഏറ്റവും ജനങ്ങളോട് കര്‍മ്മനിരതനായി പ്രവര്‍ത്തിച്ച ഒരു മഹത് വ്യക്തിത്വത്തെയാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോയ അര നൂറ്റാണ്ട് കാലത്തെ ഗതിവിധികളിലും ഈ സൗമ്യ മനുഷ്യന്റെ ശ്രദ്ധേയമായ കയ്യൊപ്പുണ്ട്. പാര്‍ട്ടിക്കപ്പുറം മുന്നണിയിലും പല കാലത്തും ഒ സി എഫക്റ്റ് നിര്‍ണായകമായി.  70കളില്‍ തിരുത്തല്‍ വാദി സംഘത്തില്‍ അംഗമായി നേതൃനിരയിലേക്ക് എത്തിയ ഉമ്മന്‍ചാണ്ടി പതുക്കെ പിന്നീട് പാര്‍ട്ടിയുടെ എല്ലാമെല്ലാം ആയി.

ആന്റണിയും കരുണാകരനും ദേശീയ രാഷ്ട്രീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറിയപ്പോഴും ഉമ്മന്‍ചാണ്ടി ഇവിടെ തുടര്‍ന്നു. കരുണാകരന് മേധാവിത്വം ഉണ്ടായിരുന്ന പാര്‍ട്ടി ആന്റണിയുടെ കയ്യിലേക്കും അവിടുന്ന് ഉമ്മന്‍ചാണ്ടിയുടെ  കൈകളിലേക്കും എത്തി. പിന്നെ പുതുപ്പള്ളി എന്നാല്‍ കുഞ്ഞൂഞ്ഞ് എന്നവണ്ണം  പാര്‍ട്ടി എന്നാല്‍ ഉമ്മന്‍ചാണ്ടി എന്നായി...