LogoLoginKerala

നിക്ഷേപ തട്ടിപ്പ് വീരന്‍ പ്രവീണ്‍ റാണയെ പൊലീസ് പൊക്കിയത് പാറമടയില്‍ നിന്ന്; സന്യാസി വേഷം ധരിച്ച് ആള്‍മാറാട്ടവും; കീഴ്‌പ്പെടുത്തല്‍ സാഹസികമായി

 
rana

കൊച്ചി: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസിലെ സൂത്രധാരന്‍ കൈപ്പുള്ളി പുഷ്‌ക്കരന്‍ പ്രവീണ്‍ റാണ അറസ്റ്റിലായി. പൊള്ളാച്ചിയില്‍ ദേവരായപൂരത്ത് പാറമടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂര്‍ സ്വദേശിയാണ് ഒളിയിടം ഒരുക്കിയത്. പിടികൂടുമ്പോള്‍ സന്യാസി വേഷത്തിലായിരുന്നു ഇയാളെന്ന് പറയുന്നു. കൊച്ചി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ബലംപ്രയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയതെന്നും വിവരമുണ്ട്. അതിഥി തൊഴിലാളിയുടെ ഫോണില്‍ വീട്ടുകാരെ വിളിച്ചതാണ് ഒളിയിടത്തെ കുറിച്ച് സൂചന നല്‍കിയത്. കേസില്‍ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാള്‍ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. ഇയാളെ കേരളത്തിലേക്ക് കൊണ്ടു വരികയാണ് എന്നാണ് വിവരം.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതിനോടകം പരാതികള്‍ ലഭിച്ചിട്ടുണ്ട്. പ്രവീണ്‍ റാണ ഒളിവില്‍ പോയതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ നേപ്പാള്‍ അതിര്‍ത്തി വഴി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയും ഇയാളുടെ സുഹൃത്തുകളെയെല്ലാം ചോദ്യം ചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

നേരത്തെ ഇയാളുടെ കൂട്ടാളിയായ വെളുത്തൂര്‍ സ്വദേശി അറസ്റ്റിലായിരുന്നു. റാണയുടെ സ്ഥാപനത്തിലെ അഡ്മിനിസ്‌ട്രേഷന്‍ ചുമതല നിര്‍വഹിച്ചിരുന്ന സതീഷിനെ പാലാഴിയിലെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ അറസ്റ്റായിരുന്നു ഇത്.

നേരത്തെ, കൊച്ചിയിലെ ഫ്‌ളാറ്റില്‍ തേടി വന്ന തൃശൂര്‍ പൊലീസിനെ വെട്ടിച്ച് പ്രവീണ്‍ റാണ മുങ്ങിയിരുന്നു. കൊച്ചി നഗരത്തില്‍ എം.ജി റോഡിലെ ഹോട്ടല്‍ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുമുണ്ട്. ഇദ്ദേഹത്തിന്റെ ചിലവന്നൂര്‍ റോഡിലുള്ള ഫ്ളാറ്റിലാണ് പ്രവീണ്‍ ഒളിവില്‍ തങ്ങിയിരുന്നത്. റാണയുടെ ഹോട്ടല്‍ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്ളാറ്റില്‍ പൊലിസ് ചോദ്യം ചെയ്തുകൊണ്ടിരുന്ന സമയത്ത് മുകളിലെ ഫ്ളാറ്റില്‍ റാണയുണ്ടായിരുന്നുവെന്നാണ് സൂചന.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള പൊലിസ് ഇവിടെയെത്തിയെങ്കിലും റെയ്ഡുവിവരം ചോര്‍ന്നതിനാല്‍ പ്രവീണ്‍ റാണ അവിടെ നിന്നും മുങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ രണ്ടു വാഹനങ്ങള്‍ അടക്കം നാല് ആഡംബര വാഹനങ്ങള്‍ പൊലിസ് കസ്്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിപ്പ് നടത്തി സ്വരൂപിച്ച പണം ബാറുകളിലും സിനിമയിലുമാണ് പ്രവീണ്‍ റാണ നിക്ഷേപിച്ചത്. നിരവധി ആഡംബര കാറുകളും ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്.

എല്ലാ തട്ടിപ്പുകാരെയും പോലെ, ഷോ മാനാണ് പ്രവീണ്‍ റാണയും. തനിക്ക് ചുറ്റും ഒരു സൂപ്പര്‍ സ്റ്റാര്‍ ഇമേജുണ്ടാക്കി സെല്‍ഫ് മാര്‍ക്കറ്റിങ്. അതുതന്നെയാണ് പ്രവീണ്‍ റാണ നടത്തി പോന്നത്. തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് ഡോ. പ്രവീണ്‍ റാണ നൂറുകണക്കിന് ഇടപാടുകാരെയാണ് ആകര്‍ഷിച്ചത്. എഡിസണെയും ഐന്‍സ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീണ്‍ റാണ ഉന്നത വ്യക്തികളുമൊത്തുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം നേടിയത്. സ്വയം ഡോക്ടര്‍ ചമഞ്ഞുകൊണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു. പ്രവീണ്‍ റാണയുടെ പേരില്‍ റിസോര്‍ട്ടും ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. താന്‍ അതിസമ്പന്നനെന്ന് ചൂണ്ടയില്‍ കൊളുത്താന്‍ വരുന്ന നിക്ഷേപകരെ ബോധ്യപ്പെടുത്തണമല്ലോ. അതിന് വേണ്ടി ആറരക്കോടി രൂപയ്ക്ക് വാങ്ങിയതാണ് ഈ റിസോര്‍ട്ട് എന്നാണ് പ്രവീണ്‍ പ്രചരിപ്പിച്ചിരുന്നത്.