വ്യഭിചാരത്തിന് പുതിയ മുഖം; പങ്കാളി കൈമാറ്റ ഗ്രൂപ്പുകള്‍ സജീവം, തൊടാനാകാതെ പോലീസ്

2022 ജനുവരിയില്‍ പങ്കാളി കൈമാറ്റത്തില്‍ പെട്ട് എട്ടു പേരുടെ പീഢനത്തിനിരയായ യുവതിയെയാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് ഭര്‍ത്താവ് വെട്ടിക്കൊന്നത്.
കോട്ടയം- ലൈംഗിക ബന്ധത്തിന് വേണ്ടിയുള്ള പങ്കാളി കൈമാറ്റ ഗ്രൂപ്പുകള്‍ മധ്യകേരളത്തില്‍ സജീവമാണെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം. ഇത്തരം ഗ്രൂപ്പുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും ഈ അസാന്‍മാര്‍ഗിക പ്രവര്‍ത്തനത്തിനെതിരെ പോലീസിന് നടപടിയെടുക്കാന്‍ കഴിയാത്തതാണ് ഇപ്പോള്‍ ഒരു വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലേക്ക് വരെ എത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കോട്ടയം കറുകച്ചാലില്‍ പങ്കാളി കൈമാറ്റവുമായി ബന്ധപ്പെട്ട് 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരം അസാന്‍മാര്‍ഗിക പ്രവര്‍ത്തനം കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. അന്നത്തെ കേസിന് ആസ്പദമായ പരാതി നല്‍കിയ മണര്‍കാട് സ്വദേശിനി ജൂബി(26)യാണ് കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് മറ്റു പലരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും പ്രകൃതി വിരുദ്ധ പീഡനത്തിനുള്‍പ്പെടെ ഇരയാക്കിയെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ എട്ട് പേരുടെ ക്രൂര പീഡനത്തിന് ഇരയായിരുന്നു. രണ്ട് വര്‍ഷത്തോളം ഇയാള്‍ ഇത്തരത്തില്‍ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കി. സംഘത്തിന്റെ ഭാഗമായി തുടരാന്‍ വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് ക്രൂരമര്‍ദനം തുടങ്ങി. ഭര്‍ത്താവില്‍ നിന്നുള്ള പീഡനം ഒരു യുട്യൂബ് വ്‌ളോഗില്‍ യുവതി തുറന്നു പറയുകയായിരുന്നു. ഇതു കേട്ട യുവതിയുടെ ബന്ധുക്കള്‍ക്കു സംശയം തോന്നി ചോദിച്ചപ്പോഴാണു സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. തുടര്‍ന്നു കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ആറുപേരാണ് കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വലിയ റാക്കറ്റിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. 'കപ്പിള്‍ ഷെയറിങ്', 'കപ്പിള്‍ മീറ്റ് അപ്പ് കേരള' എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഭാര്യമാരെ കൈമാറുന്നവര്‍ക്ക് പണം നല്‍കുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആയിരത്തില്‍ അധികം പേര്‍ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളായിരുന്നു. 2018 മുതല്‍ തന്നെ പങ്കാളികളെ കൈമാറി ലൈംഗികത ആസ്വദിക്കുകയും പണമുണ്ടാക്കുകയും ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മെസ്സഞ്ചര്‍, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ കൂടിയും പ്രത്യേക ഗ്രൂപ്പുകള്‍ വഴിയുമായിരുന്നു ഇടപാട്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളില്‍ ആയിരത്തിലധികം അംഗങ്ങളാണുള്ളതെന്നാണ് പൊലീസ് കണ്ടെത്തിത്. വയസുകള്‍ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെ ഇതിലുള്‍പ്പെടുന്നുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 31 വയസുള്ള ഭര്‍ത്താവും 27 വയസുള്ള ഭാര്യയും എന്നാണ്.
2019ല്‍ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പ്രതികളെ പൊലീസ് പിടികൂടിയത്. ഷെയര്‍ ചാറ്റ് ആപ്പ് വഴിയായിരുന്നു അന്ന് ഇടപാടുകള്‍ നടന്നത്.
ഇത്തരം ഗ്രൂപ്പുകളെക്കുറിച്ച് സൈബര്‍ വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ വിവരം ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് തുടര്‍ നടപടികള്‍ ഉണ്ടായില്ല. പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കില്‍ ഇടപെടാനാകില്ലെന്ന് പോലീസ് പറയുന്നു. പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതില്‍ കേസെടുത്താല്‍ സദാചാര പൊലീസിങ്ങ് ആകുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു.പരാതി ലഭിച്ചാല്‍ മാത്രമേ കേസെടുക്കാനാകൂ അല്ലാത്തപക്ഷം നിയമപരമായ തിരിച്ചടി നേരിടേണ്ടിവരും. സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കില്‍ അത് റേപ് ആണ്. പങ്കാളി കൈമാറ്റത്തിനല്ല, ബലാല്‍സഗത്തിനാണ് കറുകച്ചാല്‍ സംഭവത്തില്‍ പോലീസ് കേസെടുത്തത്.
പോലീസ് ഇക്കാര്യത്തില്‍ കണ്ണടക്കുന്നതാണ് ഇത്തരം ഗ്രൂപ്പുകള്‍ തഴച്ചു വളരാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരാതിക്കാര്‍ ഇല്ലാത്തതിനാല്‍ സ്വാഭാവികമായും പോലീസിന് മുന്നിലേക്ക് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എത്താറില്ല. ജൂബിയുടെ കൊലപാതകത്തോടെ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് വീണ്ടും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.