LogoLoginKerala

നികേഷ്‌കുമാറും മുനീറും കൈകോര്‍ക്കുന്നു, ഇന്ത്യാവിഷന്‍ തിരിച്ചുവരുന്നു?

 
nikesh muneer

കൊച്ചി-ഇന്ത്യാവിഷന്‍ ചാനലിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി എം കെ മുനീറും എം വി നികേഷ്‌കുമാറും. റിപ്പോര്‍ട്ടര്‍ ടി വിയില്‍ നിന്ന് വിടപറയുന്ന എം വി നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ പുനരുജ്ജീവനത്തിന് നേതൃത്വം നല്‍കുമെന്നാണ് എം കെ മുനീര്‍ നല്‍കുന്ന സൂചന.
 
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എം കെ മുനീറിന് പിന്നീട് ചാനലുമായി മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതിന് കാരണം. എന്നാല്‍ അന്ന് ചാനലിന്റെ എഡിറ്റര്‍ മാത്രമായിരുന്ന നികേഷ്‌കുമാര്‍ ഇന്ന് റിപ്പോര്‍ട്ടര്‍ എന്ന സ്വന്തം ചാനല്‍ നടത്തി നേടിയ അനുഭവപരിചയവുമായാണ് ഇന്ത്യാവിഷന്‍ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

നിഷ്പക്ഷ ചാനല്‍ എന്നതായിരുന്നു ഇന്ത്യാ വിഷന്റെ മുഖമുദ്രയെന്ന് മുനീര്‍ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും ഒരു പക്ഷത്തുനില്‍ക്കണമെന്ന സമ്മര്‍ദമാണ് ചാനല്‍ നിര്‍ത്തിവെക്കാന്‍ കാരണം. ജേണലിസ്റ്റുകളുടെ അല്ലെങ്കില്‍ റിപ്പോര്‍ട്ടേഴ്സിന്റെ ചാനല്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സത്യസന്ധമായി ജേണലിസിറ്റുകള്‍ കൊണ്ടുവരുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാനാണ് അനുവദിച്ചിരുന്നത്. എന്നാല്‍ നമ്മുടെ സമൂഹവും അന്നത്തെ രാഷ്ട്രീയ നേതൃത്വവും നിഷ്പക്ഷതയില്‍ വിശ്വസിച്ചില്ല എന്നാണ് മനസ്സിലാക്കുന്നത്. പക്ഷത്തു നില്‍ക്കണമെന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും കാരണമാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. ചുറ്റുവട്ടവും കുറേക്കൂടി പാകപ്പെടാനുണ്ട്. അന്തരീക്ഷത്തില്‍ കുറേ പ്രശ്നങ്ങളുണ്ട്. ഇന്ത്യാ വിഷന്‍ വരുന്നതിന് എല്ലാവരും കാത്തിരിക്കുകയാണെന്ന് അറിയാം. ജനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുനീര്‍ പറഞ്ഞു.