LogoLoginKerala

മാനന്തവാടിയിൽ ഇനി മിന്നുമണി ജം​ഗ്ഷൻ ; മണിമുത്തിന് ആദരവുമായി ജന്മനാട്

 
minnumani junction

​ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് എത്തിയ മിന്നുമണിക്ക് നാടിന്റെ സ്നേഹാദരം. ഇതിന്റെ ഭാ​ഗമായി വയനാട് മാനന്തവാടി-മൈസൂരു റോഡ് ജംഗ്ഷന് മിന്നുമണി ജംഗ്ഷന്‍ എന്ന് ന​ഗരസഭ പേര് മാറ്റി. മാനന്തവാടി നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം മിന്നുവിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സോഷ്യല്‍ മീഡയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയാണ് ഓള്‍ റൗണ്ടര്‍ താരമായ മിന്നുമണി ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയണിഞ്ഞത്. ഇതിനുള്ള ആദരമായി മൈസൂരു റോഡ് കവലയ്ക്ക് ജന്മനാടിന്റെ ആദരമായി മിന്നുമണിയുടെ പേരിടാന്‍ ദിവസങ്ങള്‍ക്കുമുമ്പ് ചേര്‍ന്ന മാനന്തവാടി നഗരസഭായോഗം തീരുമാനിച്ചിരുന്നു.  ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ മിന്നുവിനായി. മൂന്ന് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്താനും മിന്നുവിന് സാധിച്ചു.ബംഗ്ലാദേശിന് എതിരായ ആദ്യ ട്വന്റി 20യില്‍ തന്റെ നാലാം പന്തില്‍ വിക്കറ്റ് നേടി വരവറിയിച്ച മിന്നു പിന്നീടുള്ള രണ്ട് മത്സരങ്ങളിലും രണ്ട് വീതം വിക്കറ്റ് നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആകെ അഞ്ച് വിക്കറ്റുമായി തിളങ്ങുകയായിരുന്നു. ടി20 പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയായി. പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ മിന്നുവിന് വലിയ സ്വീകരണം ലഭിച്ചിരുന്നു.വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് മിന്നു.  

ഡല്‍ഹി കാപിറ്റല്‍സ് പങ്കുവച്ച ചിത്രത്തിന്റെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു... ''കേരളത്തിലെ വയനാട്ടില്‍ നിന്നുള്ളതാണ് ഈ ചിത്രം. നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. ഇന്ത്യന്‍ ടി20 ടീമിലെ അരങ്ങേറ്റത്തിന് പിന്നാലെ മിന്നുമണിക്ക് സ്‌പെഷ്യല്‍ സമ്മാനവുമായി നാട് സര്‍പ്രൈസ് ഒരുക്കിയിരിക്കുന്നത്.'' ഫ്രാഞ്ചൈസി കുറിച്ചിട്ടു.